അരൂരില്‍ വിലക്കയറ്റം മുതല്‍ സരിത വരെ

തിങ്കള്‍, 17 മാര്‍ച്ച് 2014 (13:54 IST)
PRO
ലോക്‍സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണം തുടങ്ങിയതോടെ ജില്ലയുടെ വടക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ വ്യാപിച്ചുകിടക്കുന്ന അരൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ്‌-എല്‍ഡിഎഫ്‌ മുന്നണികള്‍ക്ക്‌ ഭീഷണിയായി തീരദേശ ജനങ്ങളുടെ പ്രതിഷേധം പ്രകടമായി തുടങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളെ പരസ്യമായി വിമര്‍ശിച്ചാണ്‌ പലയിടത്തും ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്‌.

വിലക്കയറ്റം, പാചകവാതക വിതരണത്തിലെ അപാകത, കേന്ദ്രമന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണം, സോളാര്‍ കേസില്‍ സംസ്ഥാന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള സരിത.എസ്‌. നായരുടെ വെളിപ്പെടുത്തലുകളുമെല്ലാം തെരഞ്ഞെടുപ്പ്‌ പ്രചരണത്തെ ബാധിക്കുന്നുണ്ട്‌. തീരദേശം ഏറെയുള്ള അരൂര്‍ മണ്ഡലത്തിലെ പ്രധാന വിഷയങ്ങളായ വെള്ളപ്പൊക്ക ഭീഷണിയും കുടിവെള്ളമില്ലായ്മയുമെല്ലാം തെരഞ്ഞെടുപ്പ്‌ പ്രചാരണം തണുപ്പിച്ചു.

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും ഇരുമുന്നണികളിലേയും നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ എന്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തികാട്ടി പ്രചാരണം നടത്തുമെന്ന ചിന്തയിലാണ്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ജനദ്രോഹ നടപടികളെല്ലാം തിരിച്ചടിയാകുമെന്ന്‌ യൂഡിഎഫ്‌ നേതാക്കള്‍ക്കിടയില്‍ തന്നെ ആശങ്കയുണ്ടാക്കുന്നു. മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ വ്യക്തമായ കാഴ്ചപ്പാട്‌ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതില്ലാതെയായി. പോസ്റ്ററുകളും ചുവരെഴുത്തുകള്‍ ചിലയിടങ്ങളില്‍ മാത്രമായി ചുരുങ്ങി. കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാല്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന്‌ യുഡിഎഫ്‌ നേതാക്കള്‍ അവകാശപ്പെടുമ്പോഴും സാധാരണക്കാര്‍ക്ക്‌ വേണ്ടി എന്തുചെയ്തുവെന്ന ചോദ്യമാണ്‌ ജനങ്ങള്‍ക്കിടയില്‍ ഉയരുന്നത്‌.

ഇല്ലാത്ത പദ്ധതികളുടെ പേരില്‍ നാടുനീളെ ഫ്ലക്സ്‌ അടിച്ചുതൂക്കിയെന്നുള്ള വിമര്‍ശനവും ഉയരുന്നു. ഇടതുപക്ഷ എംഎല്‍എമാരാണ്‌ ചേര്‍ത്തല-അരൂര്‍ മണ്ഡലങ്ങളിലുള്ളതെങ്കിലും ചേര്‍ത്തലയില്‍ പി.തിലോത്തമന്‍ എംഎല്‍എ സിപിഐയുടെയും അരൂരില്‍ എ.എം.ആരിഫ്‌ സിപിഎമ്മുമായതും സിപിഎമ്മിലെ തന്നെ ഗ്രൂപ്പുകളികളും ഇടതുമുന്നണിക്കിടയില്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്‌. എ.എം.ആരിഫ്‌ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഉന്നയിച്ച വിമര്‍ശനങ്ങള്‍ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടാക്കിയ സംശയങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.

തൈക്കാട്ടുശേരി-പട്ടണക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ കോണ്‍ഗ്രസാണ്‌ ഭരിക്കുന്നതെങ്കിലും ഈ ബ്ലോക്കുകളില്‍പ്പെട്ട പഞ്ചായത്തുകള്‍ ഇരുവിഭാഗത്തെയും പിന്‍തുണയ്ക്കുന്നുണ്ട്‌. അതിനാല്‍ ജനങ്ങളുടെ വോട്ട്‌ ആര്‍ക്ക്‌ അനുകൂലമായിരിക്കുമെന്ന്‌ ഉറപ്പിക്കാന്‍ കഴിയില്ല. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മണ്ഡലത്തില്‍ കഴിഞ്ഞ വെള്ളപ്പൊക്കകാലത്ത്‌ ചേര്‍ത്തല താലൂക്കില്‍ തന്നെ അന്‍പതിലധികം ദുരിതാശ്വാസ ക്യാമ്പ്‌ തുറക്കേണ്ടിവന്നു.
വെള്ളപ്പൊക്ക ഭീഷണിക്ക്‌ ശാശ്വതമായ പരിഹാരം കാണണമെന്ന്‌ ക്യാമ്പുകളിലെത്തിയ ജനപ്രതിനിധികളോടെ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ രണ്ടായിരം രൂപയും സൗജന്യ അരിയും പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഇത്‌ ലഭിച്ചില്ല. ജനങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കി വഞ്ചിച്ചതിന്‌ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചോദിച്ചെത്തുന്ന നേതാക്കള്‍ മറുപടി പറയേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക