അയൽക്കാരനെ വെട്ടിക്കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു

തിങ്കള്‍, 29 മെയ് 2017 (17:09 IST)
അയൽക്കാരനെ വെട്ടിക്കൊന്ന ദമ്പതികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കല്ലറ പാങ്ങോട് ഭരതന്നൂർ നിവാസി വണ്ടികിടക്കും പൊയ്ക കിഴക്കുംകര വീട്ടിൽ ബിജു (38) വിനെ വീട്ടുമുറ്റത്ത് വച്ച് വെട്ടിക്കൊന്ന ശേഷമാണ്  അയൽക്കാരായ വിജയകുമാർ (50), ഭാര്യ ഇന്ദിര (48) എന്നിവർ ആത്മഹത്യ ചെയ്തത്. 
 
വസ്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. ബിജു തർക്കവുമായി സ്വര്ണപ്പണിക്കാരനായ വിജയകുമാറിന്റെ വീട്ടിൽ വന്ന  ബഹളം വച്ചപ്പോൾ വിജയകുമാറും ഭാര്യ ഇന്ദിരയും ചേർന്ന് മുളക് വെള്ളം ഒഴിച്ച് ഓടിച്ചു. കുറച്ച് സമയത്തിനു ശേഷം ബിജു വീണ്ടും മടങ്ങിവന്ന് ബഹളം ആരംഭിച്ചു.
 
തുടർന്ന് വിജയകുമാർ സമീപത്തുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിജുവിന്റെ കഴുത്തിലും നെഞ്ചിലുമായി വെട്ടുകയായിരുന്നു. വെട്ടേറ്റ ബിജു സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. വിവരം അറിഞ്ഞ നാട്ടുകാർ പോലീസിനെ സംഭവം അറിയിച്ചു.
 
പോലീസ് സ്ഥലത്തു എത്തിയപ്പോഴാണ് വിജയകുമാറും ഭാര്യ ഇന്ദിരയും വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. സ്വര്ണപ്പണിക്കാരനായ വിജയകുമാർ തൊഴിൽ സംബന്ധമായി വീട്ടിൽ സൂക്ഷിച്ചിരുന്ന സയനൈഡ് കഴിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്. 

വെബ്ദുനിയ വായിക്കുക