അമ്മയാകാന്‍ സ്ത്രീക്ക് അവകാശമുണ്ട്; അത് നിഷേധിച്ചാല്‍ വിവാഹ മോചനമാവാം

ശനി, 19 ജനുവരി 2013 (11:03 IST)
PRO
PRO
അമ്മയാകണമെന്ന സ്ത്രീയുടെ ആഗ്രഹം ഭര്‍ത്താവ് നിഷേധിച്ചാല്‍ അത് വിവാഹ മോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ ക്രൂരത ഇതാണെന്നും കോടതി നിരീക്ഷിച്ചു. അമ്മയാകണമെന്ന ആഗ്രഹം നിഷേധിച്ചതിനെത്തുടര്‍ന്ന് കുടുംബക്കോടതി വിവാഹ മോചനം അനുവദിച്ചതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പയസ് സി കുര്യാക്കോസും ജസ്റ്റിസ് സി കെ അബ്ദുള്‍ കരീമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കുട്ടിയുണ്ടാകുന്നതിനെ ഭാര്യയോ ഭര്‍ത്താവോ എതിര്‍ത്താല്‍ അത് മറ്റേയാള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം. അത് പീഡനവും ക്രൂരതയുമായി കണക്കാക്കേണ്ടി വരും എന്ന് ഹൈക്കോടതി വിലയിരുത്തി. അമ്മയാകണമെന്ന സ്ത്രീയുടെ അതിയായ ആഗ്രഹത്തിന് ഭര്‍ത്താവ് എതിരുനില്‍ക്കുന്നത് വിവാഹബന്ധത്തിലെ ക്രൂരതയായി കണക്കാക്കാനാകുമോ എന്ന തര്‍ക്കമാണ് കോടതി പരിഗണിച്ചത്.

കുടുംബക്കോടതിയുടെ വിധിക്കെതിരെ വിഴിഞ്ഞം സ്വദേശി ചാര്‍ലി ഹെഡ്ജറാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹമോചന നിയമത്തില്‍ ബന്ധം വേര്‍പെടുത്താന്‍ ആധാരമാക്കാവുന്ന 10 ക്രൂരതകളില്‍ ഇക്കാര്യം ഉള്‍പ്പെട്ടിട്ടില്ലെന്നതിനാലാണ് കോടതി ഇക്കാര്യം വിശദമായി പരിഗണിച്ചത്.

താന്‍ മനഃപൂര്‍വം എതിര്‍ത്തിട്ടില്ലെന്നും കൃത്യമായ തെളിവില്ലെന്നും മറ്റും ഭര്‍ത്താവ്‌ വാദിച്ചു. എന്നാല്‍, കുടുംബക്കോടതിയില്‍ ഭാര്യ നല്‍കിയ മൊഴിയില്‍ അമ്മയാകണമെന്ന ആഗ്രഹം വ്യക്തമാണെന്നു കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക