അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൌരവമുള്ളതെന്ന് സുപ്രീം കോടതി

ബുധന്‍, 23 ഏപ്രില്‍ 2014 (18:33 IST)
PRO
PRO
തിരുവനന്തപുരം ശ്രീപത്മനാഭ സ്വമി ക്ഷേത്രത്തിലെ നിധി ശേഖരവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ ഗൌരവ പൂര്‍ണ്ണമായതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് സംബന്ധിച്ചുള്ള ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് അമിക്കസ് ക്യൂറി പ്രവര്‍ത്തിച്ചത്. അതിനാല്‍ അമിക്കസ് ക്യൂറിയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ ഭാവന മാത്രമാണെന്നതിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ വാദമുഖങ്ങള്‍ കോടതി മുഖവിലക്കെടുത്തതുമില്ല.

ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാജകുടുംബം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ക്ഷേത്രത്തില്‍ നിന്നും രാജകുടുംബം സ്വര്‍ണം പുറത്തേക്ക് കടത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, കേസില്‍ തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ മാത്രം പ്രതിരോധിക്കുക എന്ന തന്ത്രമാണ് കേരള സര്‍ക്കാര്‍ കോടതിയില്‍ കൈക്കൊണ്ടത്.

ഇത് ക്ഷേത്രത്തിലെ സ്വര്‍ണപണിക്കാരനായ രാജു കണ്ടുവെന്ന് മൊഴി ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ അമിക്കസ് ക്യൂറി തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് ഇയാള്‍ പിന്നീട് പറഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ ഭരണം രാജകുടുംബത്തെ മാറ്റി നിര്‍ത്തി ഭരണസംബന്ധമായ കാര്യങ്ങള്‍ രാജകുടുംബത്തില്‍ നിന്ന് പുതിയ സമിതിയിലേക്ക് മാറ്റണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പിക്കണമന്നും കാണിക്ക വഞ്ചികള്‍ ഒരു ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ തുറന്ന് പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ക്ഷേത്രത്തിലെ സ്വത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കാര്യങ്ങളിലേക്ക് സുപ്രീം കോടതി അഭിപ്രായം പറഞ്ഞില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി 2011-ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സമര്‍പ്പിച്ച മാര്‍ത്താണ്ഡവര്‍മ രാജാവ് ഇന്ന് ജീവിച്ചിരിപ്പില്ല. ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടെന്നാണ് ഹൈക്കോടതിയിലെ ഹര്‍ജ്ജിക്കാരുടെ നിലപാട്.

വെബ്ദുനിയ വായിക്കുക