അബ്ദുള്ളക്കുട്ടി ചുവടുമാറുന്നു

തിങ്കള്‍, 15 ഫെബ്രുവരി 2010 (19:47 IST)
PRO
കണ്ണൂര്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടി ചുവടുമാറുന്നു. കണ്ണൂര്‍ കോണ്‍ഗ്രസിലെ അതികായനായ കെ സുധാകരനില്‍ നിന്ന് കൃത്യമായ അകലം സൂക്ഷിച്ചുകൊണ്ടാണ് അബ്ദുള്ളക്കുട്ടിയുടെ പുതിയ നീക്കം. വരുന്ന സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സുധാകരനെതിരായ നിലപാടുകള്‍ അബ്ദുള്ളക്കുട്ടി സ്വീകരിച്ചുതുടങ്ങിയതെന്നാണ് സൂചന.

അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ എടുക്കാനും കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കാനും ഏറ്റവുമധികം ശ്രമിച്ചത് സുധാകരനാണ്. സുധാകരന്‍റെ സ്ഥാനാര്‍ത്ഥിയെന്നാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസുകാര്‍ പോലും വിശേഷിപ്പിച്ചത്. അതിന്‍റെ പേരില്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍ പി രാമകൃഷ്ണനും കെ സുധാകരനും തമ്മില്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു.

എം വി ജയരാജനെ മലര്‍ത്തിയടിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുള്ളക്കുട്ടി ഇപ്പോള്‍ സുധാകരനെതിരെ തിരിഞ്ഞിരിക്കുന്നതായാണ് വിവരം. സുധാകരന്‍റെ ശത്രുവായ പി രാമകൃഷ്ണനുമായി അബ്ദുള്ളക്കുട്ടി കൂടുതല്‍ അടുക്കുന്നുവത്രേ. അബ്ദുള്ളക്കുട്ടി സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ ഇപ്പോള്‍ മുഖ്യമായും ക്ഷണിക്കപ്പെടുന്നതും പങ്കെടുക്കുന്നതും രാമകൃഷ്ണനാണ്. മാത്രമല്ല, സുധാകരന്‍റെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് അത്ഭുതക്കുട്ടി വിട്ടുനില്‍ക്കുകയും ചെയ്യുന്നു.

വരുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍റെ നീക്കങ്ങളെ ചെറുക്കാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുക അബ്ദുള്ളക്കുട്ടിയായിരിക്കും. അതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പി രാമകൃഷ്ണന്‍റെ കഴിഞ്ഞ ദിവസത്തെ ഒരു പ്രസംഗം അതിന്‍റെ സൂചനയാണ്. “പിണറായി വിജയന് ധാര്‍ഷ്ട്യമുണ്ടെന്ന് ആക്ഷേപിക്കുന്ന കോണ്‍ഗ്രസുകാര്‍ സ്വയം വിശകലനത്തിന് തയ്യാറാകണം. കോണ്‍ഗ്രസിലും ധാര്‍ഷ്ട്യവും മുഷ്കും കയ്യൂക്കും സ്വേച്ഛാധിപത്യവുമുള്ളവര്‍ സജീവമായി രംഗത്തുണ്ട്” - എന്നാണ് രാമകൃഷ്ണന്‍ പ്രസംഗിച്ചത്. ഇത് സുധാകരനെ ലക്‍ഷ്യം വച്ചുള്ള നീക്കമാണെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ആരംഭിച്ചു കഴിഞ്ഞു. രാമകൃഷ്ണന്‍റെ പിന്നില്‍ അബ്ദുള്ളക്കുട്ടിയാണെന്നാണ് പരക്കെയുള്ള സംസാരം.

വെബ്ദുനിയ വായിക്കുക