അപമാനിക്കപ്പെട്ട സംഭവം: ശ്വേതാ മേനോന്‍ കോടതിയില്‍ മൊഴി നല്‍കേണ്ടി വരും

Webdunia
തിങ്കള്‍, 4 നവം‌ബര്‍ 2013 (10:53 IST)
PRO
PRO
കൊല്ലത്ത് പൊതുവേദിയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ നടി ശ്വേതാ മേനോന്‍ കോടതിയില്‍ മൊഴി നല്‍കേണ്ടി വരും. കേസില്‍ പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണിത്. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്റ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കേണ്ടത്.

ശ്വേത കോടതിയിലെത്തി മൊഴി നല്‍കണമെന്ന് കാണിച്ച് ശ്വേതയ്ക്ക് സമന്‍സ് അയക്കും. ശ്വേതയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസത്തിനകം കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

പീതാംബരക്കുറുപ്പ് എംപിക്കെതിരെ പരാതി ശ്വേത കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. വ്യക്തിപരമായും പരസ്യമായും പീതാംബരക്കുറുപ്പ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്ക് അയച്ച ഇ-മെയിലില്‍ ശ്വേത പറഞ്ഞു. കുറുപ്പിന്റെ പ്രായത്തെ മാനിച്ചാണ് പരാതി പിന്‍വലിച്ചതെന്ന് ശ്വേത ബംഗളൂരുവില്‍ വ്യക്തമാക്കി.