അന്വേഷണം തൃപ്തികരമല്ല: സന്തോഷ് മാധവന്‍

ബുധന്‍, 6 ജൂണ്‍ 2012 (14:13 IST)
PRO
PRO
പാടം നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന്‌ പറഞ്ഞ്‌ തന്റെ കയ്യില്‍ നിന്ന് എഴുപത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വിഎ അരുണ്‍കുമാറിനെതിരായ വിജിലന്‍സ്‌ അന്വേഷണം ശരിയായ രീതിയിലല്ല നീങ്ങുന്നതെന്ന് വിവാദസ്വാമിയായ സന്തോഷ്‌ മാധവന്‍. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്‌ സന്തോഷ്‌ മാധവന്‍ ഇങ്ങനെ ആരോപിച്ചിരിക്കുന്നത്. തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന വിജിലന്‍സ്‌ തിരുവനന്തപുരം എസ്പി പി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സന്തോഷ് മാധവന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

വൈക്കത്തിനടുത്ത്‌ വടയാറില്‍ തന്റെ പേരിലുള്ള മൂന്നര ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന്‌ പറഞ്ഞാണ്‌ അരുണ്‍ കുമാര്‍ എഴുപത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് സന്തോഷ്‌ മാധവന്‍ മുഖ്യമന്ത്രിക്ക്‌ പരാതി അയച്ചതോടെയാണ് ഈ കേസ് രൂപം കൊണ്ടത്. സര്‍ക്കാര്‍ പിന്നീടത് വിജിലന്‍‌സ് ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു. വിജിലന്‍‌സ് സംഘം അരുണ്‍ കുമാറിനെ ചോദ്യം ചെയ്തെങ്കിലും സന്തോഷ്‌ മാധവനെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു അരുണ്‍കുമാറിന്റെ വാദം.

അന്വേഷണം നടക്കുന്നുണ്ടെങ്കിലും അരുണിനെതിരേ കേസെടുക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ്‌ സംഘം പറയുന്നു. സന്തോഷ്‌ മാധവന്റെ കടവന്ത്രയിലെ ഫ്ലാറ്റ്‌ അരുണ്‍ സന്ദര്‍ശിച്ചതിന്‌ തെളിവു കിട്ടിയില്ലെന്ന് മുമ്പുതന്നെ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

വെബ്ദുനിയ വായിക്കുക