മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. അനധികൃതമായി റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിനും ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് സ്ഥലംമാറ്റം നല്‍കുന്നതിനുമായി ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് അന്വേഷാത്തിന് ഉത്തരവിട്ടത്. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ പരാതി നല്‍കിയത്.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂരിനെതിരേയും അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഏപ്രില്‍ 17 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
കോട്ടയത്തെ ജില്ലാ സപ്ലൈ ഓഫീസറായി നിയമനം നല്‍കുന്നതിന് മുന്‍ ഡിഎസ്ഒ ശ്രീലതയുടെ പക്കല്‍നിന്ന് മൂന്നുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് അവര്‍ തുറന്നുസമ്മതിച്ചതായി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിജു മറ്റപ്പള്ളിയാണ് പണം വാങ്ങിയത്. അനൂപ് ജേക്കബ് പിറവം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഓരോ റേഷന്‍ മൊത്തവ്യാപാരിയുടെ കൈയില്‍നിന്ന് പതിനായിരം രൂപവീതം പിരിച്ചെടുത്ത് പാര്‍ട്ടി ചെയര്‍മാനെ ഏല്‍പ്പിച്ചതായും ശ്രീലത വെളിപ്പെടുത്തിയതായും മുക്കാടന്‍ വ്യക്തമാക്കി.