അനൂപിനെ ഉടന്‍ മന്ത്രിയാക്കണം: ജോണി

തിങ്കള്‍, 26 മാര്‍ച്ച് 2012 (14:34 IST)
PRO
അനൂപ് ജേക്കബിനെ ഉടന്‍ മന്ത്രിയാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. അനൂപിന്‍റെ സത്യപ്രതിജ്ഞ ഉടന്‍ നടത്തണമെന്നും ജോണി ആവശ്യപ്പെട്ടു.

അനൂപ് ജേക്കബിനെ ഭക്‍ഷ്യവകുപ്പ് മന്ത്രിയാക്കുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് നേതൃത്വം അറിയിച്ചിരുന്നത്. അതില്‍ മാറ്റമുണ്ടായതായി അറിവില്ല. ഒന്നാം മത്രിയുടെ കാര്യവുമായി അഞ്ചാം മന്ത്രിയെ കൂട്ടിക്കുഴയ്ക്കരുത്. എന്തായാലും മന്ത്രിയായി അനൂപിനെ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

അനൂപ് ജേക്കബിനൊപ്പം ലീഗിന്‍റെ അഞ്ചാം മന്ത്രിയെയും സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ലീഗ് നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കിയതാണ് അനൂപിന്‍റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാകാന്‍ കാരണം. അനൂപ് എന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യു ഡി എഫ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, എന്‍ ശക്തനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നാടാര്‍ സമുദായാംഗങ്ങള്‍ പ്രകടനം നടത്തി. നെയ്യാറ്റിന്‍‌കരയില്‍ നിര്‍ണായക സ്വാധീനമുള്ള നാടാര്‍ സമുദായത്തിന്‍റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കുഴങ്ങുകയാണ് യു ഡി എഫ് നേതൃത്വം.

വെബ്ദുനിയ വായിക്കുക