ഫേസ്ബുക്കില്‍ ആളുകൂടി, ഇന്റെര്‍നെറ്റിലെ പകുതിയും ഇപ്പോള്‍ ഫേസ്ബുക്കിലാണ്

Webdunia
വ്യാഴം, 30 ജൂലൈ 2015 (15:23 IST)
ഫേസ്ബുക്കിനെ ഒരു രാജ്യമായി പരിഗണിക്കാമെങ്കില്‍ ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി കരുതേണ്ടിവരും. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ഫെയ്‌സ്ബുക്കിലെ അംഗങ്ങളുടെ എണ്ണം 149 കോടി ആയി. കഴിഞ്ഞ ജൂണ്‍ 30 ഓടെ ആണ് ഫെയ്‌സ്ബുക്കിലെ അംഗസംഖ്യ 149 കോടിയായത്.

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ സംഖ്യ ഇപ്പോള്‍ പ്രതിമാസം 13 ശതമാനംവച്ച് വര്‍ധിക്കുകയാണെന്ന് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍; ലോകത്താകെ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നത് 300 കോടിയോളം വരും. ഇതിന്റെ പകുതി ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. അതായത് ഒരുദിവസം ഇത്രയും ആളുകള്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നത് ഫേസ്ബുക്ക് നോക്കുന്നതിനായി മാത്രമാണ്.

ആകെയുള്ള ഫെയ്‌സ്ബുക്ക് അംഗങ്ങളില്‍ 65 ശതമാനവും ദിവസവും ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നവരാണെന്നും, അതിന്റെ ഫലമായി ജൂണ്‍ 30 ന് അവസാനിച്ച് രണ്ടാംപാദത്തില്‍ വരുമാനം 39 ശതമാനം വര്‍ധിച്ച് 404 കോടി ഡോളറായി. ലോകത്താകെ സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ഫെയ്‌സ്ബുക്ക് നോക്കുന്നവരുടെ സംഖ്യ കാര്യമായി വര്‍ധിക്കുകയാണ്. അതിനാല്‍, ഫെയ്‌സ്ബുക്കില്‍ വരുമാനവര്‍ധനയിലെ പ്രധാന ഘടകം സ്മാര്‍ട്ട്‌ഫോണിലെ പരസ്യങ്ങള്‍ ആയി മാറിയിട്ടുണ്ട്.