13/07: ബ്ലോഗുകളില്‍ സഹായവും കെട്ടുകഥകളും

വ്യാഴം, 14 ജൂലൈ 2011 (16:00 IST)
PTI
13/07 മുംബൈ സ്ഫോടന ഇരകള്‍ക്ക് ഓണ്‍ലൈന്‍ സമൂഹത്തിലെ ഒരു വിഭാഗം സമയോചിത സഹായവുമായി രംഗത്ത് എത്തി. എന്നാല്‍, ചെറിയ ഒരു വിഭാഗം കെട്ടുകഥകളുടെ മേമ്പൊടിയോടെയാണ് ബ്ലോഗുകളിലൂടെ സ്ഫോടന വാര്‍ത്ത പ്രചരിപ്പിച്ചത്.

കസബിന്റെ ജന്‍‌മദിനം ഭീകരര്‍ ശരിക്കും ആഘോഷിച്ചു എന്നാണ് ചില ട്വീറ്റുകള്‍ പ്രചരിപ്പിച്ചത്. ചിലരാവട്ടെ സര്‍ക്കാരിന്റെയും പൊലീസിന്റെയും കെടുകാര്യസ്ഥതയ്ക്ക് നേരെ വിമര്‍ശനമുയര്‍ത്തി. സ്കൂള്‍ കുട്ടികളെയാണ് ഭീകരര്‍ ലക്‍ഷ്യം വയ്ക്കുന്നത് എന്നൊരു വ്യാജ സന്ദേശവും മൈക്രോ ബ്ലോഗിംഗ് സൈറ്റുകളില്‍ പരന്നു.

എന്നാല്‍, വിക്കി ലിങ്കുകള്‍ എഡിറ്റ് ചെയ്ത് ഏതോ മനോരോഗികള്‍’ കസബിന്റെ ജന്‍‌മദിനം മാറ്റിയതാണെന്ന സന്ദേശവും ഉടന്‍ ട്വിറ്ററിലെത്തി. ഇപ്പോള്‍ സഹായത്തിനുള്ള സമയമാണ് വിമര്‍ശനത്തിനുള്ള സമയം വരുന്നതേ ഉള്ളൂ എന്നും ട്വീറ്റുകള്‍ എത്തി.

സ്ഫോടനത്തിനു ശേഷം നഗരത്തിലെ ഫോണ്‍ ശൃംഖലകളെല്ലാം മണിക്കൂറുകളോളം തകരാറിലായിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് അപകടം പിണഞ്ഞോ എന്ന ഉദ്വേഗം നിറഞ്ഞ ഈ നിമിഷങ്ങളില്‍ ആശ്വാസമായി അവതരിച്ചത് ട്വിറ്റര്‍ അടക്കമുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റുകളായിരുന്നു.

സുഹൃത്തുക്കളെയും ബന്ധുക്കളെയും തേടിയവര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസിലും പരതിയപ്പോള്‍ നിരാശരായില്ല. പ്രിയപ്പെട്ടവരെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ മാത്രമല്ല സ്ഫോടന ഇരകള്‍ക്കുള്ള സഹായ വാഗ്ദാനങ്ങള്‍ കൊണ്ടും മൈക്രോ ബ്ലോഗിംഗ് സൈറ്റുകള്‍ സമ്പന്നമായിരുന്നു.

രക്തദാനം ചെയ്യാന്‍ തയ്യാറുള്ള മുംബൈക്കാരുടെ വിലാസങ്ങളും രക്തഗ്രൂപ്പും അടങ്ങിയ ഒരു പട്ടിക ഉടന്‍ തന്നെ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടു. അത്യാഹിത ഘട്ടത്തില്‍ ഉപകാരപ്പെടുന്ന വിലാസങ്ങളുമായാണ് മുംബൈ ഹെല്‍പ്പ് എന്ന ബ്ലോഗ് അവസരത്തിനൊത്ത് ഉയര്‍ന്നത്. അതേസമയം, പുതിയ മൈക്രോ ബ്ലോഗിംഗ് സൈറ്റാ‍യ ഗൂഗിള്‍ പ്ലസ് ഉപയോക്താക്കള്‍ നഗരത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കായി ടാക്സി, താമസസൌകര്യം, സൌജന്യ ആഹാരം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് നല്‍കിയത്.

മാതൃരാജ്യത്ത് ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ വിദേശ ഇന്ത്യക്കാരും സഹായ വാഗ്ദാനവുമായി രംഗത്ത് വന്നിരുന്നു. യുഎസിലുള്ള ഒരാള്‍ ആവശ്യമെങ്കില്‍ മുംബൈയില്‍ എത്തി രക്തം നല്‍കാ‍ന്‍ സന്നദ്ധനാണെന്ന് പറഞ്ഞത് ബ്ലോഗര്‍മാരുടെ ദേശഭക്തിയെ ഉയര്‍ത്തിക്കാട്ടുന്ന ഉദാഹരണമായി.

വെബ്ദുനിയ വായിക്കുക