‘മിക്സി’ക്ക് മുമ്പില്‍ ഫേസ്ബുക്ക് തോല്‍ക്കുന്നു

തിങ്കള്‍, 7 ഫെബ്രുവരി 2011 (13:06 IST)
PRO
PRO
ജപ്പാന്‍ വിപണി പിടിച്ചടക്കാനുള്ള അമേരിക്കന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിടുന്നു. ജപ്പാനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ മിക്സിയാണ് ഫേസ്‌ബുക്കിനെ അടിയറവ് പറയിക്കുന്നത്. ലോകമെമ്പാടുമായി 200 മില്യന്‍ യൂസര്‍മാ‍രാണ് ഫേസ്‌ബുക്കിനുള്ളത്. എന്നാല്‍ ജപ്പാനിലാകട്ടെ ഫേസ്‌ബുക്കിന് വെറും 2.2 ദശലക്ഷം അനുയായികളാണ് ഉള്ളത്. രാജ്യത്ത് 22 ലക്ഷം യൂസര്‍മാരെ നേടിയെടുത്തുകൊണ്ട് മിക്സി വിജയക്കൊടി പാറിക്കുകയാണ്.

ജപ്പാന്റെ സാംസ്കാരിക പരിസരം തിരിച്ചറിയതെയുള്ള പ്രവര്‍ത്തനങ്ങളാണ് കുഴപ്പം ഉണ്ടാക്കിയതെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ ഭാഷ്യം. എന്നാല്‍ ജപ്പാന്‍ ഉയര്‍ത്തുന്ന പ്രത്യേകമായ സാംസ്കാരിക വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്നു തന്നെയാണ് ഫേസ്ബുക്ക് പറയുന്നത്. ജപ്പാന്‍, റഷ്യ എന്നിവിടങ്ങളിലേക്ക് അധീശത്വം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഫേസ്ബുക്ക് തീരുമാനം എടുത്തത്.

സൈറ്റിന്റെ ബാ‍ല്യദശയില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചത് ഫേസ്ബുക്കിന് തിരിച്ചടിയാവുകയായിരുന്നു. വിവര്‍ത്തനത്തില്‍ വന്ന പിഴവുകള്‍ സഹിക്കാന്‍ ജപ്പാന്‍കാര്‍ തയ്യാറായില്ല. സൈറ്റിന്റെ രൂപകല്‍‌പനയും സുരക്ഷയില്ലായ്മയും ജപ്പാന്‍കാര്‍ക്ക് ഇഷ്ടമായില്ല. മിക്സി പ്രദാനം ചെയ്യുന്ന പ്രധാനപ്പെട്ട സൌകര്യങ്ങളിലൊന്ന് വ്യക്തിപരമായ വിവരങ്ങള്‍ ആഗ്രഹിക്കുന്നവരുമായി മാത്രം പങ്കിടാമെന്നതാണ്.

സ്വകാ‍ര്യതാ പ്രശ്നം അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം പകുതിയോടെ ഉയര്‍ന്നു വന്നതാണ്. അമേരിക്കന്‍ ലോമേക്കര്‍മാ‍രും വക്കീലന്‍മാരുമെല്ലാം ഇതിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് വിവരങ്ങള്‍ നിയന്ത്രിതമായ അളവില്‍ മാത്രം പുറത്ത് വിടാമെന്ന തീരുമാ‍നം ഫേസ്ബുക്ക് കൈക്കൊണ്ടിരുന്നു.

നിലവില്‍ 70-ഓളം ഭാഷകളില്‍ ഫേസ്ബുക്ക് ലഭ്യമാണ്. ഫേസ്ബുക്ക് ഉപയോഗത്തിലുള്ള രാഷ്ട്രങ്ങളില്‍ ജപ്പാന്റെ സ്ഥാനം 49 ആണ്. അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. 148.90 ദശലക്ഷം ഉപഭോക്താക്കളുണ്ട് അവിടെ നിലവില്‍. ഇന്ത്യയിലും ഫേസ്‌ബുക്ക് തന്നെയാണ് ഒന്നാമത്. ഗൂഗിളിന്റെ ഓര്‍ക്കൂട്ടിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഫേസ്ബുക്ക് ഇന്ത്യ പിടിച്ചടക്കിയത്.

വെബ്ദുനിയ വായിക്കുക