ഹാക്കര്‍മാര്‍ക്കിഷ്ടം ഐഫോണല്ല, ആന്‍ഡ്രോയിഡ്!

ബുധന്‍, 12 ജനുവരി 2011 (14:15 IST)
PRO
PRO
‘ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍’ ഉപയോഗിച്ച് രൂപപ്പെടുത്തിയിരിക്കുന്നതിനാല്‍ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തുന്ന മൊബൈലുകളേക്കാള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കാണ് ഹാക്കര്‍മാരുടെ ഭീഷണിയെന്ന് സുരക്ഷാ സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്ന ട്രെന്‍ഡ് മൈക്രോ കമ്പനി. ഓപ്പണ്‍ സോഴ്സ് എല്ലാവര്‍ക്കും മനസിലാകും എന്നതിനാല്‍ ആന്‍ഡ്രോയിഡ് ഫോണിന്‍റെ ആര്‍ക്കിടെക്ച്വറും സോഴ്സ് കോഡും മനസിലാക്കിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പം സാധിക്കും എന്നതാണ് ആന്‍ഡ്രോയിഡിന്‍റെ പോരായ്മയായി ട്രെന്‍ഡ് മൈക്രോ ചൂണ്ടിക്കാട്ടുന്നത്. ആപ്പിളിന്‍റെ ഐഫോണാണ് സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും മികച്ചതെന്നും ട്രെന്‍ഡ് മൈക്രോ പറയുന്നു.

“ഗൂഗിള്‍ വികസിപ്പിച്ച് എടുത്തിരിക്കുന്ന ആന്‍ഡ്രോയിഡ് സൌജന്യമായാണ് വിതരണം ചെയ്യപ്പെടുന്നത്. ഡെവലപ്പര്‍മാര്‍ക്ക് സോഫ്റ്റ്‌വെയര്‍ എഴുതാനായി ആന്‍‌ഡ്രോയിഡിന്‍റെ കോഡ് തുറന്ന് കൊടുത്തിരിക്കുകയാണ്. ആന്‍‌ഡ്രോയിഡ് ഒരു സ്മാര്‍ട്ട്‌ഫോണാണ്. സ്മാര്‍ട്ട്‌ഫോണ്‍ എന്നുവച്ചാല്‍ കമ്പ്യൂട്ടറിന് തത്തുല്യം എന്നര്‍ത്ഥം. ഇങ്ങിനെയുള്ളൊരു സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കര്‍മാര്‍ക്ക് ആക്രമിക്കാന്‍ പാകത്തില്‍ തുറന്നുകൊടുത്താല്‍ ഉണ്ടാകുന്നത് പ്രധാനപ്പെട്ട ഡാറ്റയുടെ നഷ്ടമായിരിക്കും. ആന്‍ഡ്രോയിഡ് വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.”

“സുരക്ഷയുടെ കാര്യത്തില്‍ ആപ്പിളിന്‍റെ ഐഫോണ്‍ വളരെ മുന്നിലാണ്. ചിലതരം വൈറസുകള്‍ക്ക് ഐഫോണില്‍ പ്രവേശിക്കാനേ കഴിയില്ല. എന്നാല്‍ ഐഫോണ്‍ പൂര്‍ണ സുരക്ഷ നല്‍‌കുന്ന ഒരു ഫോണാണെന്ന് ഞാന്‍ പറയില്ല. സോഷ്യല്‍ എഞ്ചിനീയറിംഗ് ആക്രമണം എന്നറിയപ്പെടുന്ന വൈറസ് അറ്റാക്കുകള്‍ ഐഫോണില്‍ സംഭവിക്കാം. ഇത്തരം വൈറസുകള്‍ ഉപയോക്താക്കളെ കബളിപ്പിച്ച് ഉപദ്രവകാരികളായ സോഫ്റ്റ്‌വെയര്‍ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.”

“ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ മികച്ചൊരു ആന്‍റി-വൈറസ് സോഫ്റ്റ്‌വെയര്‍ കൂടി വാങ്ങേണ്ടതുണ്ട്. ഇല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടാകാം. ആന്‍ഡ്രോയിഡ് മൊബൈലുകളുടെ സുരക്ഷയ്ക്കായി 4 ഡോളറിന് ഞങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയിട്ടുണ്ട്. 2014-ഓടെ ഏകദേശം 300 മില്യണ്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറങ്ങുമെന്ന് കരുതപ്പെടുന്നു. ആന്‍ഡ്രോയിഡ് ഫോണുകളുടെ സുരക്ഷിതത്വമില്ലായ്മ ഞങ്ങള്‍ക്ക് മികച്ച വരുമാനം കൊണ്ടുവരും” - ട്രെന്‍ഡ് മൈക്രോയുടെ ചെയര്‍മാന്‍ സ്റ്റീവ് ചാംഗ് പറയുന്നു. കോര്‍പ്പറേറ്റ് സെര്‍വറുകള്‍ക്കായുള്ള സുരക്ഷാ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന ഏറ്റവും വലിയ കമ്പനിയാണ് ട്രെന്‍ഡ് മൈക്രോ.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ 26 ശതമാനം മൊബൈലുകളും ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുന്നത് സിമ്പിയന്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ. സിമ്പിയനാണ് നോക്കിയ ഉപയോഗിക്കുന്നത്. ഐ‌ഓസ് എന്ന പ്ലാറ്റ്‌ഫോമാണ് (ആപ്പിള്‍ ഇതാണ് ഉപയോഗിക്കുന്നത്) സിമ്പിയനും ആന്‍‌ഡ്രോയിഡിനും തൊട്ടുപിന്നാലെയുള്ള പ്ലാറ്റ്‌ഫോം. എന്നാല്‍ 2014-ഓടെ ഏകദേശം 300 മില്യന്‍ ഫോണുകള്‍ ആന്‍‌ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്നതോടെ സിമ്പിയന്‍ അടക്കമുള്ള മറ്റ് പ്ലാറ്റ്‌ഫോമുകള്‍ ആശ്രയിക്കുന്ന ബ്രാന്‍ഡുകള്‍ നാമമാത്രം ആകുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.

വെബ്ദുനിയ വായിക്കുക