സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോമില്‍ രൂപപ്പെടുത്തിയ സോഫ്റ്റ്വെയര്‍ എടുത്തുപയോഗിച്ച ഗൂഗിളിന് പണികിട്ടി. ടെക്സാസിലെ കോടതി പേറ്റന്റ് ലംഘനത്തിന് 5 ദശലക്ഷം ഡോളറാണ് ഗൂഗിളിന് പിഴയിട്ടത്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റേതെന്ന ന്യായത്തില്‍ പ്രത്യേകിച്ചാരുടേയും അനുമതി കൂടാതെയാണ് ഗൂഗിള്‍, ‘ലിനക്സ് കെര്‍ണല്‍’ എന്ന സോഫ്റ്റ്വെയര്‍ എടുത്തുപയോഗിച്ചത്. ഗൂഗിള്‍ പിഴയടച്ചാല്‍ മാത്രം മതിയാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. റോയല്‍റ്റി ഇനത്തില്‍ വന്‍സംഖ്യ ഇനിമുതല്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്ത കമ്പനിക്ക് നല്‍കേണ്ടതായി വരും.
സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമിലുള്ള ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന് വേണ്ടിയും ലിനക്സ് കെര്‍ണല്‍ ഉപയോഗിച്ചിരിക്കാമെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ റോയല്‍റ്റി തുക എത്രമാത്രം ഉയരുമെന്ന് കണ്ടുതന്നെ അറിയണം.
ലിനക്സിന്റെ ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോമില്‍ ‘ബെഡ്രോക്ക് കമ്പ്യൂട്ടര്‍ ടെക്നോളജീസ്’ എന്ന ഒരു ചെറുകമ്പനി വികസിപ്പിച്ചെടുത്തതാണ് ലിനക്സ് കെര്‍ണല്‍ എന്നു പേരായ സോഫ്റ്റ്വെയര്‍. അമേരിക്കന്‍ പേറ്റന്റ് നമ്പര്‍ 5,893,120 പ്രകാരം അവരത് സ്വന്തമാക്കുകയും ചെയ്തിരുന്നു. വലിയ സെര്‍വര്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതിനായാണ് സോഫ്റ്റ്വെയര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. വിവരങ്ങളുടെ സംഭരണം, വീണ്ടെടുപ്പ്, കാലഹരണപ്പെട്ട വിവരങ്ങള്‍ പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍ തന്നെ നീക്കം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ സോഫ്റ്റ്‌വെയര്‍ ഉപകാരപ്പെടുക.
മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത്, മറ്റ് ലിനക്സ് ഉപയോക്താക്കളില്‍ നിന്നും റോയല്‍റ്റി ഫീസ് വാങ്ങിക്കാന്‍ ബെഡ്രോക്ക് കമ്പ്യൂട്ടര്‍ ടെക്നോളജീസ് കമ്പനി തുടങ്ങുമെന്നാണ്. വന്‍ സെര്‍വര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സ്ഥാപനങ്ങള്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുവരുന്നുണ്ട്.