ചൈനയിലെ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണി ലാക്കാക്കി മൈക്രോസോഫ്റ്റ് കരുക്കള്‍ നീക്കുമ്പോള്‍ ചൈന വെറുതെയിരിക്കും എന്ന് തോന്നുന്നുണ്ടോ. സെര്‍ച്ച് മുത്തശ്ശിയായ ഗൂഗിളിനെ വരെ കെട്ടുകെട്ടിയ രാജ്യമാണത്. ഇന്ത്യയിലെയും ചൈനയിലെയും സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കാന്‍ നോക്കിയയുടെ തോളില്‍ കയ്യിട്ട് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണിനെയും ജനപ്രീതിയാര്‍ജ്ജിച്ച് ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളെയും തകര്‍ക്കാന്‍ വോഫോണ്‍ എന്ന പേരിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിച്ചെടുത്ത് ചൈന ഒരുങ്ങിക്കഴിഞ്ഞു.
ചൈന, ഇന്ത്യ എന്നീ പ്രധാന ഏഷ്യന്‍ വിപണികള്‍ മുന്നില്‍ കണ്ടാണ് രണ്ടിടത്തും നല്ല വേരോട്ടമുള്ള നോക്കിയയെ കൂട്ട് പിടിച്ചിരിക്കുന്നത്. ഇതിനു പുറമെ ചൈനയിലെ ഗവേഷണ-വികസന മുന്നേറ്റങ്ങള്‍ക്കായി 10 ശതമാനം ജീവനക്കാരെ അധികമായി നിയമിക്കാനും മൈക്രോസോഫ്റ്റ് തീരുമാനം എടുത്തിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ കൂടാതെ ഓണ്‍ലൈന്‍ സെര്‍ച്ച്, ക്ലൌഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ തങ്ങളുടെ മറ്റ് മേഖലകളിലും മൈക്രോസോഫ്റ്റ് കൈവെക്കാന്‍ ഒരുങ്ങുകയാണ്.
വിപണിയില്‍ മൈക്രോസോഫ്റ്റിന്റെ പ്രധാന ശത്രുവായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് നിലവില്‍ നല്ല പ്രചാരമാണ് ചൈനയിലുള്ളത്. മൈക്രോസോഫ്റ്റിന്‍റെ നീക്കം മുന്നില്‍ക്കണ്ടും ഗൂഗിളിന്‍റെ ജൈത്രയാത്രയെ ചെറുക്കാനുമായി മുന്നോട്ട് വന്നിരിക്കുന്നത് ചൈനീസ് കമ്പനിയായ ചൈന യൂണികോമാണ്. ഫെബ്രുവരി 28-ന് വോഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനച്ചടങ്ങ് വന്‍ ആഘോഷ പരിപാടികളോടെ ബീജിംഗില്‍ നടന്നു.
ചൈനയില്‍ വിവിധ സാങ്കേതിക മേഖലകളില്‍ നല്ല പിടിപാടുള്ള കക്ഷിയാണ് യൂണികോം. നിലവില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന വോഫോണ്‍ പൂര്‍ണമായും കമ്പനി സ്വയം വികസിപ്പിച്ചെടുത്തതാണ്. ഉയര്‍ന്ന നിലവാരമുള്ള സ്വകാര്യതാനയവും വോഫോണ്‍ ഉറപ്പ് നല്‍കുന്നുണ്ട്. ആഗോള കുത്തകകള്‍ക്കെതിരായി ചൈനീസ് കുത്തകകളെ വളര്‍ത്തിക്കൊണ്ട് വരികയെന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടും യൂണികോമിന് പിന്തുണ നല്‍കുന്നു. അടുത്ത ഒരുമാസത്തിനുള്ളില്‍ തന്നെ വൂഫോണ്‍ ചൈനീസ് മാര്‍ക്കറ്റ് പിടിച്ചടക്കുമെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇതിനെയൊന്നും വകവെക്കാതെ മാര്‍ക്കറ്റില്‍ നിലപാടുറപ്പിക്കാനാണ് മൈക്രോസോഫ്റ്റിന്‍റെ തീരുമാനം. നിലവില്‍ 3000 ജീവനക്കാരാണ് ചൈനീസ് മൈക്രോസോഫ്റ്റില്‍ ഉള്ളത്. പുതിയ തീരുമാനം നടപ്പാകുന്നതോടെ 300-400 പേര്‍ കൂടി കമ്പനിയുടെ നീക്കങ്ങള്‍ക്ക് ശക്തി പകരാനെത്തും.
വിന്‍ഡോസ് ഫോണ്‍, ടെലിവിഷന്‍ ഗെയിം പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശ്യമുണ്ടെന്ന് മൈക്രോസോഫ്റ്റിന്‍റെ ഗവേഷണ-വികസന പരിപാടിയുടെ ഏഷ്യ പസഫിക് ചെയര്‍മാന്‍ യാ ക്യിംഗ് ഴാംങ് പറയുന്നു. 2011-ല്‍ മാത്രം ഏതാണ്ട് 500 ദശലക്ഷം ഡോളര്‍ നിക്ഷേപം ഏഷ്യാ-പസഫിക് മേഖലയില്‍ മാത്രം നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഒരു ശക്തമായ വിതരണശൃംഖലയുടെ അഭാവമാണ് മൈക്രോസോഫ്റ്റിനുണ്ടായിരുന്നത് എന്നാണ് യാ ക്യിംഗിന്‍റെ നിലപാട്. നോക്കിയയുമായുള്ള പങ്കാളിത്തം വഴി ആ പ്രശ്നമാണ് പരിഹരിക്കപ്പെടാന്‍ പോകുന്നത് എന്നും കക്ഷി കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ മുതലിറക്കുന്ന വിദേശ കമ്പനികള്‍ക്ക് വെല്ലുവിളികള്‍ നിരവധിയാണ്. ചൈനയുടെ പാശ്ചാത്യ വിരോധമാണ് ഗൂഗിള്‍ സെര്‍ച്ചിനെ ചൈനയില്‍ നിന്ന് കെട്ടുകെട്ടിച്ചത്. കൃത്യമായ ഗൂഡനീക്കങ്ങളിലൂടെ വിദേശ കമ്പനികളെ രഹസ്യമായി പുകച്ച് പുറത്ത് ചാടിക്കല്‍ ചൈനയുടെ നയമാണ്. ഇതിനായി പൈറസി, സെന്‍സര്‍ഷിപ്പ്, സുരക്ഷ എന്നൊക്കെ ചൈന പറയും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘തിങ്ക് ടാങ്കുകള്‍’ വച്ചിരിക്കുന്ന ഉന്നത്തില്‍ നിന്ന് ആന്‍ഡ്രോയിഡിനും വിന്‍ഡോസ് മൊബൈലിനും രക്ഷപ്പെടാനാകുമോ എന്ന് കാത്തിരുന്ന കാണാം.