സ്പെല്ലിംഗ് തല്ലിയുടയ്ക്കുന്ന നെറ്റ് !

തിങ്കള്‍, 4 ജനുവരി 2010 (20:49 IST)
PRO
ഇന്റര്‍നെറ്റ് ഈ പോക്കു പോയാല്‍ ഇന്നത്തെ ഇംഗ്ലീഷ് അക്ഷരമാലാ നിയമങ്ങള്‍ അടുത്ത ദശകങ്ങളിലെ ആളുകള്‍ക്ക് ചരിത്ര സ്മരണ മാത്രമായി അവശേഷിക്കും. ഇക്കാര്യം പറയുന്നത് മറ്റാരുമല്ല, വെയി‌ല്‍‌സ് സര്‍വകലാശാലയിലെ പ്രശസ്ത ഭാഷാ വിദഗ്ധനായ പ്രഫസര്‍ ഡേവിഡ് ക്രിസ്റ്റല്‍ തന്നെയാണ്.

ഇന്റര്‍നെറ്റ് ഇംഗ്ലീഷ് അക്ഷരമാലാ നിയമത്തെ തച്ചുടയ്ക്കുമെന്നോ? ഇത് കൂടുതല്‍ ആലോചിക്കാനുള്ള കാര്യമേയല്ല, നെറ്റ് ഉപയോക്താ‍ക്കളായ നാമെല്ലാം ചെയ്യുന്നതിന്റെ പരിണിതഫലമായി ഇംഗ്ലീഷ് ഭാഷ ഒരു മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന സത്യം മാത്രമാണിത്.

ചാറ്റ് റൂമുകളിലും ബ്ലോഗുകളിലും മെയിലുകളിലും നാം ഉപയോഗിക്കുന്ന ചുരുക്ക ഭാ‍ഷാ പ്രയോഗങ്ങള്‍ ഒന്നോ രണ്ടോ ദശകത്തിനുള്ളില്‍ നിലവിലുള്ള വാക്കുകളെ പിന്തള്ളി പ്രധാന പ്രസിദ്ധീകരണങ്ങളിലെല്ലാം സ്ഥാനം‌പിടിക്കുമെന്നാണ് ക്രിസ്റ്റലിന്റെ വാദം. ഉദാഹരത്തിന്, ‘താങ്ക് യു’ എന്ന പ്രയോഗത്തിനു പകരം ‘ടിഎച്ച്എക്സ്’, ‘ടുമോറോ’യ്ക്ക് പകരം 2മോറോ എന്നും നാം ഉപയോഗിക്കുന്ന രീതിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യത നോക്കുക.

ഇംഗ്ലീഷ് ഭാഷയില്‍ നിലവിലുള്ള അക്ഷരമാലാ നിയമങ്ങളില്‍ പലതും അനാവശ്യമാണെന്നും ക്രിസ്റ്റി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് അക്ഷരമാലാ നിയമത്തെ കുറയൊക്കെ സ്വാധീനിക്കുമെങ്കിലും മുഴുവനായി മാറ്റിമറിക്കില്ല എന്നാണ് വിശ്വാസമെന്നും ക്രിസ്റ്റി പറയുന്നു.

വെബ്ദുനിയ വായിക്കുക