സ്വർണ്ണാഭരണത്തിനു പകരം മുക്കു പണ്ടം നൽകി കവർച്ച : രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍

വെള്ളി, 28 ജൂണ്‍ 2024 (19:01 IST)
കൊല്ലം: സ്വർണ്ണാഭരണത്തിനു പകരം മുക്കുപണ്ടം നൽകി കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പേർ പോലീസ് പിടിയിലായി. കൊല്ലം കൻ്റോൺമെൻ്റ് പുതുവൽ പുരയിടത്തിൽ ജ്യോതി മണി (48), കരിക്കോട് കുറ്റിച്ചിറ സൽമ മൻസിലിൽ മീരാസാഹിബ് (67) എന്നിവരാണ് പിടിയിലായത്.
 
 ജ്യോതിമണി ജോലിക്കു നിന്ന കുണ്ടറ സാരഥി ജംഗ്ഷനിൽ നഫീന മൻസിലിൽ ഫാത്തിമാ ബീവിയുടെ 5 പവൻ്റെ സ്വർണ്ണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. പരാതിയെ തുടർന്ന് കുണ്ടറ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 
 
പിടിയിലായവർ രണ്ടു പേരും ഫാത്തിമാ ബീവിയുടെ വീട്ടിൽ ജോലിക്ക് നിന്നവരാണ്. ജ്യോതി മണി ഫാത്തിമാ ബീവിയുടെ ആഭരണം വാങ്ങി പണയം വച്ചിരുന്നത് തിരികെ നൽകിയിരുന്നു. പക്ഷെ ഫാത്തിമയുടെ സഹോദരൻ്റെ മകൾ ആമിന വീട്ടിൽ വന്നപ്പോൾ ഫാത്തിമാ ബീവിയുടെ കഴുത്തിലെ അലർജി കണ്ട് സംശയിച്ചാണ് ആഭരണങ്ങൾ പരിശോധിപ്പിച്ചത്. തുടർന്ന് ഇത് മുക്കുപണ്ടമാണെന്നു കണ്ടെത്തി.
 
പിന്നീടാണ് കുണ്ടറ പോലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ പൊതുവേ മറവിയുള്ള ഫാത്തിമാ ബീവിയെ കബളിപ്പിച്ചു സ്വർണം തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്ന് കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍