സിനിമാതാരം ജാക്കിചാനെ ട്വിറ്റര്‍ കൊന്നു!

ബുധന്‍, 30 മാര്‍ച്ച് 2011 (14:13 IST)
PRO
PRO
ശശി തരൂരിന്‍റെ പ്രണയവും പാക് ആഭ്യന്തരമത്രി റഹ്മാന്‍ മാലിക്കിന്‍റെ നയതന്ത്ര ട്വീറ്റുകളും ഇല്ലെങ്കില്‍ ഫേസ്ബുക്ക് എന്തിനു കൊള്ളാം? വെറുതേ കയറിയിറങ്ങി ബോറടിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സൈബര്‍ കൊലയാളികളുടെ വില നാം ശരിക്കും മനസ്സിലാക്കുക. ആളുകള്‍ സൈബറില്‍ കയറി കോട്ടുവാ ഇട്ടോണ്ടിരിക്കുന്നത് അവര്‍ക്കിഷ്ടമേയല്ല. ഉടന്‍ തന്നെ ഒരാളെ സൈബര്‍ മാര്‍ഗ്ഗേണ കൊന്ന് ആ വിവരം നാട്ടുകാരെ മുഴുവനുമറിയിക്കും.

ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ കൊല്ലപ്പെടാനുള്ള ഭാഗ്യം, രാഷ്ട്രപതി സ്ഥാനത്തു നിന്നിറങ്ങി രാജ്യത്തെ എഞിനീയറിംഗ് വിദ്യാര്‍ഥികളോട് ഒന്നും രണ്ടും പറഞ്ഞിരിക്കുന്ന അബ്ദുള്‍ കലാമിനാണ് ലഭിച്ചത്. എന്തൊരു മഹാപാപം എന്ന് ലോകം മുഴുവന്‍ പരിതപിച്ചു. ഇങ്ങനെ ബോറടിപ്പിച്ചാല്‍ ഇനിയും കൊല്ലുമെന്ന് സൈബര്‍ ക്വട്ടേഷന്‍ സംഘം ‘എസ്’ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. അതിനു ശേഷവും ബോറടി മാറിക്കിട്ടിയോ?

ഇല്ലെന്നാണ് ട്വിറ്ററിലെ പുതിയ മരണവാര്‍ത്ത കാണിക്കുന്നത്. ഇത്തവണ മരിച്ചത് ആക്ഷന്‍ ഹീറോ ജാക്കിചാനാണ്. ഹൃദയാഘാതം മൂലമാണ് അങ്ങോര്‍ മരിച്ചുകളഞ്ഞത്. എന്നാല്‍ ജാക്കിചാന്‍റെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് അക്കൌണ്ടുകള്‍ വാര്‍ത്ത അപ്പാടെ നിഷേധിച്ചിട്ടുണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലുമുള്ള ജാക്കിചാന്‍ അക്കൊണ്ടുകളില്‍ അദ്ദേഹത്തിന്‍റെ നിഷേധം നിറഞ്ഞു. “ഞാന്‍ മരിച്ചിട്ടില്ല. നല്ല വീട്ടിത്തടിപോലെ ഹോങ്കോംഗില്‍ ചായ കുടിച്ചിരിക്കുന്നു” - എന്നാണ് ജാക്കിചാന്റെ ട്വീറ്റ്.

ഏഷ്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാണ് ജാക്കിയിപ്പോള്‍. രണ്ടാമത് നില്‍ക്കുന്നത് നമ്മുടെ രജിനിയണ്ണനാണ്. രജിനിയണ്ണന്‍റെ മരണവാര്‍ത്ത ഇതുവരെ ഒരു സൈറ്റിലും വന്നിട്ടില്ല. അത്തരം വാര്‍ത്തകള്‍ ആരെങ്കിലും നല്‍കാന്‍ ഉദ്ധേശിക്കുന്നുണ്ടെങ്കില്‍ അവര്‍ ചില അനന്തരഫലങ്ങള്‍ക്കു കൂടി തയ്യാറെടുക്കേണ്ടതുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് നിങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടതായി വരും. ഹോങ്കോംഗില്‍ നിന്ന് തമിഴകത്തേക്ക് ദൂരമൊത്തിരിയുണ്ട്!

ജാക്കിചാന്‍ അടുത്ത പടമിറക്കാനുള്ള തിരക്കിട്ട ജോലികളിലാണ്. പുതിയ പടത്തിന്‍റെ പേര്‍ ‘യോയോയോ’! അയ്യോ ആവോ എന്നതിന്‍റെ ജാപ്പനീസ് രൂപമായിരിക്കണം യോയോയോ. ഇമ്മാതിരിപ്പെട്ട വാര്‍ത്തകളാണ് പുറത്തുവരുന്നതെങ്കില്‍ ആരും പറഞ്ഞുപോകും ‘അയ്യോ ആവോ!’.

വെബ്ദുനിയ വായിക്കുക