ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ക്കറ്റില്‍ സൃഷ്ടിക്കുന്ന തരംഗങ്ങളില്‍ പരിഭ്രാന്തരായ മൈക്രോസോഫ്റ്റും നോക്കിയയും കൈകോര്‍ക്കുന്നത് മൊബൈല്‍ വിപണിയില്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടെ, മൈക്രോസോഫ്റ്റുമായി ചേരുന്നതിനു മുമ്പുതന്നെ നോക്കിയയെ തങ്ങള്‍ സമീപിച്ചിരുന്നതായി ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് എറിക് ഷ്മിത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നു.
ഗൂഗിളിന്‍റെ സേവനങ്ങളായ മാപ്പുകള്‍, വോയ്സ് ആക്‌ടിവേറ്റഡ് സെര്‍ച്ച്, യുട്യൂബിലേക്കുള്ള വീഡിയോ ഷെയറിംഗ് തുടങ്ങിയവയ്ക്കായി കൂടുതല്‍ വേഗമേറിയ നെറ്റ്‌വര്‍ക്കുകളില്‍ നിക്ഷേപം നടത്താന്‍ ഓപ്പറേറ്റര്‍മാരെ തിരഞ്ഞു നടക്കവെയാണ് നോക്കിയയെ ഒന്നു മുട്ടി നോക്കിയത്. ആ കളി വേണ്ടെന്ന് ഗൂഗിളിനെ നോക്കിയ അറിയിക്കുകയും ചെയ്തു. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം നോക്കിയയും ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നതായി ബാര്‍സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നടത്തിയ പ്രഭാഷണത്തില്‍ ഷ്മിത്ത് പറഞ്ഞു.
ഓരോ മിനിട്ടിലും 35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് യൂട്യൂബില്‍ കയറുന്നതെന്ന് ഷിമിറ്റ് ചൂണ്ടിക്കാട്ടി. ഇവയ്ക്ക് 2 ബില്യണ്‍ കാഴ്ച്ചക്കാരാണുള്ളത്. അതില്‍ വലിയ വിഭാഗം മൊബൈല്‍ വഴിയാണ് യൂട്യൂബ് സന്ദര്‍ശിക്കുന്നത്. യൂട്യൂബിലേക്ക് തങ്ങളുടെ നിക്ഷേപമുള്ള കണ്ടന്റ് ദാതാക്കള്‍ വഴി കയറുന്ന വീഡിയോകളിലൂടെ വന്‍ ബിസിനസ്സ് കഴിഞ്ഞ വര്‍ഷം നടന്നതായി ഷ്മിത്ത് വ്യക്തമാക്കി.
ഗൂഗിളിന്‍റെ യൂട്യൂബ് ബാന്ധവം സംബന്ധിച്ച് കഴിഞ്ഞ കാലങ്ങളില്‍ നിക്ഷേപകരില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കൂട്ടുകച്ചവടം വഴി നിര്‍ണായകമായ ലാഭം കിട്ടിയിട്ടുണ്ടെന്നാണ് ഗൂഗിള്‍ നായകന്‍റെ വാദം. വെബ് വീഡിയോ ദാതാക്കളുടെ മേഖലയിലേക്ക് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഷിമിറ്റ് പറയുന്നതെങ്കിലും അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ ആരും തയ്യാറാകുന്നില്ല.
കണ്ടന്‍റ് ദാതാക്കളുടെ മേഖല വളരെ വ്യത്യസ്തമാണെന്നും അറിയാത്ത പണി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഷ്മിത്തിന്റെ വിശദീകരണം. തല്‍ക്കാലത്തെ ശ്രദ്ധ മൊബൈലില്‍ തന്നെയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ ബാര്‍സിലോണയില്‍ വെച്ചു നടന്ന കോണ്‍ഗ്രസ്സില്‍ വെച്ചാണ് മൊബൈല്‍ രംഗത്ത് ശ്രദ്ധ ചെലുത്താനുള്ള തീരുമാനത്തെ പറ്റി ഗൂഗിള്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. മൊബൈല്‍ വിപണിയെ പറ്റി ഗൂഗിളിന് അറിവൊന്നും ഇല്ലെന്നായിരുന്നു അപ്പോള്‍ ഐടി വിദഗ്ധര്‍ വിലയിരുത്തിയത്. എന്നാല്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനിപ്പോള്‍ വന്‍ ഡിമാന്‍ഡിലുള്ളത്.
ഗൂഗിള്‍ ട്വിറ്ററിനെ വാങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തയും ഷ്മിത്ത് നിഷേധിച്ചു. ‘ട്വിറ്റര്‍ എനിക്കിഷ്ടമാണ്. കുറുകുന്നതും ഇഷ്ടം എന്നാല്‍ ട്വിറ്ററിനെ വാങ്ങാനൊന്നും ഗൂഗിളിന് ഉദ്ദേശമില്ല’ - ഷ്മിത്ത് വിശദീകരിച്ചു.