തിങ്കളാഴ്ച വൈകിട്ട് കൊച്ചിന്‍ ട്വിസ്റ്റിവെല്‍

വെള്ളി, 25 മാര്‍ച്ച് 2011 (11:37 IST)
PRO
PRO
കേരളത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കൂട്ടായ്മ കൊച്ചിന്‍ ട്വിറ്റര്‍ ഉല്‍സവം (ട്വിസ്റ്റിവെല്‍) മാര്‍ച്ച്‌ 24 വ്യാഴാഴ്ച കൊച്ചി ജിംഖാനാ ക്ലബ്ബില്‍ വൈകുന്നേരം 5.30 മുതല്‍ രാത്രി 10 വരെ. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ട്വിറ്റര്‍ ഉപയോക്താക്കളുടെ സംഗമമായ ട്വിസ്റ്റിവെല്‍ ഇതിനകം ലോകശ്രദ്ധ നേടികഴിഞ്ഞിട്ടുണ്ട്‌. വിവിധ സിനിമാതാരങ്ങള്‍, വിദേശ മലയാളികള്‍ എന്നിവര്‍ ഒത്തുചേരുന്ന ഈ ട്വിറ്റര്‍ ഉത്സവത്തില്‍ പ്രശസ്ത മ്യൂസിക്‌ ബാന്‍ഡുകളായ കാവ്‌, ഫ്രോസണ്‍ ഫ്ലെയിംസ് ടിഡിറ്റി എന്നിവര്‍ സംഗീത പരിപാടികളും അവതരിപ്പിക്കും. മലയാളം ബ്ലോഗിംഗ്‌, ട്വിറ്റര്‍ എന്നിവയെപ്പറ്റി വിവിധ ചര്‍ച്ചാ ക്ലാസ്സുകള്‍ വികെ ആദര്‍ശ്‌ (ഐടി എഴുത്തുകാരന്‍) പ്രദീപ്‌ (ഓള്‍ ഇന്ത്യാ റേഡിയോ) എന്നിവര്‍ നയിക്കും.

ട്വിറ്റര്‍ എന്ന സാമൂഹ്യ മാധ്യമത്തിന്റെ ശക്തി സമൂഹന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ട്വിസ്റ്റിവെലിന്റെ കേരളത്തിലെ ആദ്യ എഡിഷന്‍ കഴിഞ്ഞ വര്‍ഷമാണ്‌ നടത്തിയത്‌. ലോകത്താകമാനം 210 ലേറെ നഗരങ്ങളിലാണ്‌ വ്യാഴാഴ്ച ട്വിറ്റര്‍ ഫെസ്റ്റിവെലുകള്‍ അരങ്ങേറുന്നത്‌. കൊച്ചിക്കൊപ്പം മറ്റ്‌ 4 ഇന്ത്യന്‍ നഗരങ്ങള്‍ കൂടി വേദികളാകുന്നു - ബാംഗ്ലൂര്‍, ഡല്‍ഹി, ഹൈദരാബാദ്‌, പൂനൈ എന്നിങ്ങനെ.

ഈ പരിപാടിയിലൂടെ സമാഹരിക്കുന്ന തുക കൊച്ചിയിലെ ഓട്ടിസം, സെറിബ്രല്‍ പ്ലാസി തുടങ്ങിയവ ബാധിച്ച, സാധാരണ സ്കൂള്‍ ജീവിതം നയിക്കാന്‍ കഴിയാതെ പോകുന്ന കുരുന്നുകള്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂള്‍ ‘ആദര്‍ശി’നെ സഹായിക്കാനാണ്‌ ഉപയോഗിക്കുന്നത്‌. ഇന്റര്‍നെറ്റിലൂടെ കൊച്ചിന്‍ ട്വിസ്റ്റിവെല്‍ സമാഹരിച്ച തുകയും ഹോപ്പ്‌ ഓവര്‍സീസ്‌ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ആദര്‍ശിനു വേണ്ടി സമാഹരിച്ച തുകയും കൊച്ചി മേയര്‍ ടോണി ചമ്മിണി ആദര്‍ശിന്‌ ചടങ്ങില്‍ വച്ച്‌ കൈമാറും.

കേരളത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സംഗമമാണ്‌ കൊച്ചിന്‍ ട്വിസ്റ്റിവെല്‍ എന്നാണ് പ്രശസ്ത എഴുത്തുകാരനായ ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ അതിന്റെ പുതിയ സാമൂഹിക അര്‍ത്ഥങ്ങളിലേക്ക്‌ ചുവടുവെയ്ക്കുകയാണ്‌. കേരളത്തിലെ ഇന്റര്‍നെറ്റ്‌ വിപ്ലവം വരാനിരിക്കുന്നതെയുള്ളൂ. ട്വിറ്റര്‍ ഉത്സവത്തിന്റെ കേരള ഓര്‍ഗനൈസര്‍, സാജന്‍ മണി പറയുന്നു.

വെബ്ദുനിയ വായിക്കുക