ടെക്‌നോപാര്‍ക്കില്‍ കോണ്ടം തുപ്പും മെഷീന്‍‍!

ചൊവ്വ, 11 ജനുവരി 2011 (18:33 IST)
PRO
PRO
മുപ്പതിനായിരത്തോളം ഐടി തൊഴിലാളികള്‍ പണിയെടുക്കുന്ന തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ഒരാഴ്ചക്കകം കോണ്ടം തുപ്പുന്ന മെഷീന്‍ സ്ഥാപിക്കപ്പെടും. ഹെല്‍‌ത്ത്‌കെയര്‍ കമ്പനിയായ എച്ച്‌എല്‍‌എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡാണ് ടെക്‌നോപാര്‍ക്ക് കാമ്പസിനുള്ളില്‍ കോണ്ടം വെന്‍‌ഡിംഗ് സ്ഥാപിക്കുന്നത്.

എയിഡ്സ് പോലുള്ള ലൈംഗികജന്യ രോഗങ്ങള്‍ തടയാന്‍ ഇത് ഉപകരിക്കുമെങ്കിലും ആളുകള്‍ ടെക്‌നോപാര്‍ക്കില്‍ വരുന്നത് പണിയെടുക്കാനാണോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനാണോ എന്ന് വിമര്‍ശകര്‍ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. പകല്‍ രാത്രി ഭേദമന്യേ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്കില്‍ കോണ്ടം വെന്‍‌ഡിംഗ് സ്ഥാപിക്കുന്നതിനോട് അനുകൂലമായി പ്രതികരിക്കുന്നവരുമുണ്ട്. കോണ്ടം നിരോധിക്കേണ്ട ഉല്‍പ്പന്നമൊന്നുമല്ലല്ലോയെന്നാണ് ഇക്കൂട്ടര്‍ വിമര്‍ശകരോട് ചോദിക്കുന്നത്.

ഈ പ്രൊപ്പോസലുമായി എച്ച്‌എല്‍‌എല്‍ ടെക്നോപാര്‍ക്കിനെ സമീപിക്കുകയായിരുന്നുവെന്ന് ഐടി പാര്‍ക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എം വാസുദേവന്‍ പറഞ്ഞു. 7500 രൂപ മാസവാടകയാണ് കോണ്ടം വെന്‍‌ഡിംഗിന് പാര്‍ക്ക് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. കോണ്ടം ഇപ്പോള്‍ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. അതിനാല്‍ ടെക്നോപാര്‍ക്കില്‍ ലഭ്യമല്ലെങ്കില്‍ പോലും ആവശ്യക്കാര്‍ക്ക് കോണ്ടം വാങ്ങാവുന്നതെയുള്ളൂ- വാസുദേവന്‍ വിമര്‍ശകരോട് പറയുന്നു.

ടെക്നോപാര്‍ക്കില്‍ ഇപ്പോള്‍ 200 കമ്പനികളിലായി മുപ്പതിനായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക