ഗൂഗിളിന് ദേഹണ്ണപ്പുരയിലേക്കും ഒരു കണ്ണുണ്ട്!

ശനി, 26 ഫെബ്രുവരി 2011 (13:51 IST)
PRO
PRO
വിക്കീപീഡിയ എന്‍സൈക്ലോപീഡിയ പറയുന്നത് പ്രകാരം ഭുജിക്കുന്നതിന്‌ തയ്യാറാക്കുന്ന പ്രവൃത്തിയാണ്‌ പാചകം. ചൂടും രാസപ്രവൃത്തിയും ഉപയോഗിച്ച്‌ പദാര്‍ത്ഥത്തിന്റെ രുചി, നിറം, ഗുണമേന്മ എന്നിവ മാറ്റുന്ന പ്രവൃത്തിയായും പാചകത്തെ വിശേഷിപ്പിക്കാവുന്നതാണ്‌ എന്നും പറയുന്നു. സൈബര്‍ ലോകത്ത് ചേരുവകള്‍ തിരിച്ചും മറിച്ചും ചേര്‍ത്ത് അത്ഭുതകരമായ രൂപഭാവാനുഭൂതികള്‍ ഉണ്ടാക്കുന്ന വിപ്ലവകരമായ പ്രവൃത്തിയില്‍ കുറെക്കാലമായി ഏര്‍പ്പെട്ടു വരുന്ന ഗൂഗിളിന്, നേരിട്ട് ദേഹണ്ണത്തിനിറങ്ങിയാലോ എന്നൊരു തോന്നല്‍ ഉദിച്ചത് ഈയടുത്താണ്. എന്തെങ്കിലും തോന്നിയാല്‍ അത് പിന്നത്തേക്ക് മാറ്റിവെക്കുന്നത് ഗൂഗിളിന്‍റെ രീതിയല്ല.

നേരിട്ട് ദേഹണ്ണത്തിനിറങ്ങിയാലോ എന്ന തോന്നലിന്റെ ബാക്കിപത്രമാണ് ‘റസിപ്പി വ്യൂ’ എന്ന പുതിയ ഗൂഗിള്‍ ഫീച്ചര്‍. അമേരിക്കയിലും ജപ്പാനിലും “റസിപ്പി വ്യൂ” എന്ന പുതിയ ഫീച്ചര്‍ ലഭ്യമാക്കിക്കഴിഞ്ഞു നമ്മുടെ ഗൂഗിള്‍. അമേരിക്കന്‍ മദാമ്മമാരും ജപ്പാനിലെ ഒകാസാമമാരും ഇപ്പോള്‍ പാചകം ചെയ്യുന്നത് ഗൂഗിളില്‍ നോക്കിയാണത്രെ. അവര്‍ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങള്‍ കഴിക്കുന്നവര്‍ ടോയ്‌ലറ്റിലേക്ക് നോക്കിയാണോ ഇരിക്കുന്നത് എന്നത് മാത്രമേ ഇനി അറിയേണ്ടതായുള്ളൂ.

അമ്മയുണ്ടാക്കിത്തന്നിരുന്ന വിഭവങ്ങളില്‍ തോന്നിയ മാതിരി ഉപ്പും മുളകും ചേര്‍ത്തിരുന്നതിനാല്‍ തനിക്കത് വായില്‍ വെക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പുതിയ ഗൂഗിള്‍ മെനു അവതരിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ച് ഫീച്ചറിന്റെ ഡെവലപ്പര്‍ ഹെഡ് കാവി ഗോയല്‍ തുറന്നടിച്ചു. ഗണിതവും കമ്പ്യൂട്ടര്‍ സയന്‍സും പഠിച്ചിട്ടുള്ള തനിക്ക് ഗണിതശാസ്ത്ര വിധികള്‍ തെല്ലും വകവെക്കാത്ത അമ്മയുടെ പാചകം എങ്ങനെ ഇഷ്ടപ്പെടുമെന്നാണ് ഗോയല്‍ ചോദിക്കുന്നത്. ഇനിയെന്തായാലും ആ ബുദ്ധിമുട്ടില്ല. എല്ലാ അളവുതൂക്കങ്ങളും കൃത്യമാക്കിയാണ് ഗൂഗിള്‍ മെനു തയ്യാറായിരിക്കുന്നത്.

പാചകം ചെയ്യാനറിയില്ലെന്ന് ഇനി ആരും പരിഭവം പറയേണ്ട. ഹോട്ടല്‍ ഭക്ഷണത്തെ കുറ്റം പറഞ്ഞ് കഷ്ടപ്പെട്ട് കഴിക്കുകയും വേണ്ട. ജോലിത്തിരക്കുകള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഗൂഗിളില്‍ കയറി ഒന്ന് തെരയുകയേ വേണ്ടൂ. ഏത് വിഭവം തയ്യാറാ‍ക്കാനുള്ള പാചകക്കുറിപ്പുകളും അവിടെ റെഡി. അങ്ങനെ പാചകക്കുറിപ്പുകള്‍ ഇനി എളുപ്പത്തില്‍ ആര്‍ക്കും ലഭ്യമാകുന്നു.

ആദ്യ ഘട്ടത്തില്‍ യു എസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഓണ്‍ലൈന്‍ പാചക പുസ്തകത്തിന്റെ മാതൃകയിലാണ് ‘റെസിപ്പി വ്യൂ‘ തയ്യാറാക്കിയിരിക്കുന്നത്. വിഭവങ്ങളെ പല വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെ പേരോ അതിലെ പ്രധാന ചേരുവയുടെ പേരോ ഉപയോഗിച്ചാണ് തെരയേണ്ടത്. കലോറിയുടെ അളവ്, വിഭവം തയ്യാറാക്കാന്‍ വേണ്ട സമയം, ചേരുവകളുടെ പേരുകള്‍ എന്നിവ ഉപയോഗിച്ചും ഇഷ്‌ടഭക്ഷണം തെരഞ്ഞെടുക്കാം.

പാചകത്തില്‍ ആന്‍ഡ്രോയ്ഡിയന്‍ സ്മാര്‍ട്ട് പാചകങ്ങള്‍ വരാനിരിക്കുന്നതേയൂള്ളൂ എന്നതാണ് സന്ദേശം.

വെബ്ദുനിയ വായിക്കുക