ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന മേഖലയേതാണെന്ന് ചോദ്യമുണ്ടായാല്‍ കൊച്ചു കുട്ടികള്‍ പോലും പറയുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെന്നാണ്. വന്‍കിട ഐടി കമ്പനികളെ ഭരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളയിനത്തില്‍ മാത്രം ലഭിക്കുന്നത് കോടികളാണ്. ഐടി ഭീമന്‍ വിപ്രോ ടെക്നോളന്ജിസിന്റെ സിഇഒയും മലയാളിയുമായ ടികെ കുര്യനാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ ശ്രേണിയിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ വിവരസാങ്കേതികവിദ്യാ സ്ഥാപനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം പറ്റുന്നവരുടെ ഗണത്തിലേക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി 1-ന് ഐടി ബിസിനസ് ആന്‍ഡ് എക്സിക്യുട്ടീവ് ഡയറക്‌ടര്‍ സിഇഒ തസ്തികയിലേക്ക് പ്രവേശിച്ച കുര്യന്‍ കടന്നിരിക്കുന്നു. മൂന്ന് കോടി മുതല്‍ പത്ത് കോടി വരെയാണ് കുര്യന്‍ ഒരു വര്‍ഷം ശമ്പളം പറ്റുന്നത്.
സമയബന്ധിതമായ വര്‍ദ്ധനവുകളും മറ്റ് ആനുകൂല്യങ്ങളും അടക്കമുള്ള കുര്യന്റെ വാര്‍ഷിക ശമ്പള വിവരങ്ങള്‍ ബിഎസ്ഇക്ക് വിപ്രോ തിങ്കളാഴ്ചയാണ് സമര്‍പ്പിച്ചത്. അഞ്ച് വര്‍ഷക്കാലം നിലവിലെ തസ്തികയില്‍ കുര്യന്‍ തുടരും.
വിപ്രോയുടെ മുന്‍ സിഇഒ മാരായ ഗിരിഷ് പരജ്പെ, സുരേഷ് വാസ്വാനി എന്നിവര്‍ക്ക് യഥാക്രമം 2.11 കോടിയും 2.96 കോടിയുമാണ് കമ്പനി നല്‍കിയിരുന്നത്. മറ്റൊരു ഐടി ഭീമനായ കോഗ്നിസെന്റ് അവരുടെ സിഇഒആയ ഫ്രാന്‍സിസ്കൊ ഡിസൂസക്ക് ശമ്പളവും ബോണസുമായി 2010-ല്‍ മാത്രം നല്‍കിയത് ആറ് കോടി രൂപയാണെന്ന് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എച്ച്‌സിഎല്‍ ടെക്നോളജിസിന്റെ സിഇഒയും എംഡിയുമായ വിനീത് നയ്യാര്‍ ശമ്പളയിനത്തില്‍ വാങ്ങിയത് 4.54 കോടി രുപയാണ്. ഇന്‍ഫോസിസ് ടെക്നോളജിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന്‍ 1.01 കോടി രൂപ വാര്‍ഷിക വരുമാനമായി നേടി. എന്നാല്‍ ഇന്‍ഫോസിസില്‍ സീനിയര്‍ വൈസ് പ്രസിഡ്ന്റും സ്ട്രാറ്റജിക് ഗ്ലോബല്‍ സോഴ്സിംഗിന്റെ ആഗോള മേധാവിയുമായ അശോക് വെമുറിയാണ് ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നത്. നാലു കോടി രൂപയാണ് വെമ്മുറിയുടെ വാര്‍ഷിക ശമ്പളം.