ഓണ്‍ലൈനായി ദൈവത്തെ സ്തുതിക്കൂ

വ്യാഴം, 17 ജനുവരി 2008 (18:13 IST)
PROPRD
ലോകം മുഴുവനുമുള്ള പള്ളികള്‍ക്ക് ഇനി ഓണ്‍ലൈനായി ദൈവത്തെ സ്തുതിക്കാം. ഡിജിറ്റല്‍ പ്രാര്‍ത്ഥനാ പുസ്തകം ഇറങ്ങിയതോടു കൂടിയാണ് ഈ സൌകര്യം നിലവില്‍ വന്നിരിക്കുന്നത്.

ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ പ്രാര്‍ത്ഥനാഗാന പുസ്തകമായ ‘മിഷണ്‍ പ്രെയ്സ്’ എന്ന പുസ്തകമാണ് ഡിജിറ്റലായി മാറിയിരിക്കുന്നത്. ഇരുപതു ലക്ഷത്തിലധികം പ്രതികള്‍ വിറ്റുപോയ ഈ പ്രാര്‍ത്ഥനാ പുസ്തകം ഇനി മുതല്‍ മിഷണ്‍പ്രെയ്സ് ഡോട്ട് കോം എന്ന വെബ് സൈറ്റില്‍ ലഭ്യമാവും.

ഈ സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് 1800 ലധികം പ്രാര്‍ത്ഥനാ ഗീതങ്ങളില്‍ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഒരു വര്‍ഷത്തേക്ക് നാല്‍‌പതു പൌണ്ട് വരിസംഖ്യയായി അടച്ചാല്‍ പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാനാവും.

ഇഷ്ടപ്പെട്ട പാട്ടുകള്‍ സൈറ്റില്‍ സൂക്ഷിക്കുകയും അത് മറ്റുള്ളവരുമായി ഓണ്‍ലൈനായി പങ്കുവയ്ക്കുകയും ചെയ്യാം. നൂതന സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാം എന്ന പള്ളികളുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സൈറ്റെന്ന് പ്രസാധകരായ ഹാര്‍പര്‍ കൊള്ളിന്‍സ് പറഞ്ഞു.

പ്രാര്‍ത്ഥനാ സമയങ്ങളില്‍ പള്ളികളില്‍ ഈ സൈറ്റ് വളരെ ഉപയോഗപ്രദമാവും. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക