ആന്‍ഡ്രോയ്ഡ് 'എന്‍' നെയ്യപ്പമാകുമോ? മലയാളികളുടെ ഇഷ്ടപലഹാരത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാംപെയിന്‍!

Webdunia
വെള്ളി, 20 മെയ് 2016 (14:35 IST)
ഗൂഗിളിന്റെ പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് 'എന്‍'നു പുതിയ പേര് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 
ഉപയോക്താക്കള്‍ക്ക് പേര് നിര്‍ദ്ദേശിക്കാനുള്ള അവസരമാണ് ഇത്തവണ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന്‍ സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുന്നുണ്ട്. രുചിയുള്ള പലതരം പലഹാരങ്ങളുടെ പേരുകള്‍ ഉപയോക്താക്കള്‍ നല്‍കുന്നുണ്ട്. 'എന്‍' എന്ന ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കണം പേര് എന്നാണ് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നത്.
 
പുതിയ പതിപ്പിന് നെയ്യപ്പം എന്ന പേര് നല്‍കണമെന്നാണ് മലയാളികളുടെ ആവശ്യം. നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #AndriodName#Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് വരെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചെയ്ക്ക് 'ആന്‍ഡ്രോയിഡിന് ഇന്ത്യന്‍ ഭക്ഷണത്തിന്റെ പേര് നല്‍കുമോ?' എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് സ്വന്തം അമ്മയുടെ അഭിപ്രായം ആരായുമെന്നും പേര് നിര്‍ണയിക്കാന്‍ ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ പോള്‍ നടത്തുമെന്നും ആയിരുന്നു ഇന്ത്യന്‍ വംശജന്‍ കൂടിയായ പിച്ചെ മറുപടി നല്‍കിയത്.
 
പോള്‍ പേജില്‍ പോയി ആര്‍ക്കും പേര് നിര്‍ദേശിക്കാം. www.android.com/n എന്ന സൈറ്റില്‍ പോയാല്‍ ആന്‍ഡ്രോയ്ഡ് 'എന്‍'നു പേര് നല്‍കാന്‍ സാധിക്കും. സൈറ്റില്‍ പോയി ഇഷ്ടപ്പെട്ട പലഹാരത്തിന്റെ പേര് ടൈപ്പ് ചെയ്ത് സബ്‌മിറ്റ് ചെയ്താല്‍ മതി. ഈ വര്‍ഷത്തെ ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഒട്ടേറെ പുതുമകളുള്ള ആന്‍ഡ്രോയിഡ് 'എന്‍' അവതരിപ്പിക്കുമെന്നാണ് വിവരം. ആന്‍ഡ്രോയിഡ് ഡൂനട്ട്, എക്ലയര്‍, ഫ്രോയോ,ജിഞ്ചര്‍ ബ്രെഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാര്‍ഷ്‌മെലോ എന്നിവയാണ് ആന്‍ഡ്രോയിഡിന്റെ മുന്‍ പതിപ്പുകള്‍. ആല്‍ഫ, ബീറ്റ എന്നീ ആദ്യ വേര്‍ഷനുകള്‍ മാത്രമാണ് പലഹാരങ്ങലുടെ പേരില്ലാതെ പുറത്തുവന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article