ക്ഷേത്രം ശപിക്കപ്പെട്ടതോ?

WDWD
ക്ഷേത്രം ശപിക്കപ്പെട്ടതാണെന്ന് പറയുന്നത് കേട്ടാല്‍ വിചിത്രമായി തോന്നിയേക്കാം. മധ്യപ്രദേശിലെ ദേവാസിലുള്ള ദുര്‍ഗ്ഗാ ക്ഷേത്രത്തെ കുറിച്ച് ആളുകള്‍ക്ക് പലതാണ് പറയാനുള്ളത്. ഈ ക്ഷേത്രത്തിലെ ദേവി ശക്തിസ്വരൂപിണിയാണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ ഈ ക്ഷേത്രം ശപിക്കപ്പെട്ടയിടമാണെന്ന് പറയുന്നു. ദേവിക്ക് ബലി ഇഷ്ടമാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. ക്ഷേത്രത്തില്‍ ഒരു സ്ത്രീയുടെ പ്രേതം അലഞ്ഞ് നടക്കുന്നതായിട്ടാണ് മറ്റു ചിലരുടെ വിശ്വാസം. അതെ, ഈ ക്ഷേത്രത്തെ കുറിച്ച് അവിശ്വസനീയമായ പല കഥകളുമാണ് പറഞ്ഞ് കേള്‍ക്കുന്നത്.

ഈ ക്ഷേത്രത്തിനുള്ളില്‍ ദേവീ വിഗ്രഹം പ്രതിഷ്ഠിച്ചതിനു ശേഷം പല വിചിത്രമായ സംഗതികള്‍ നടന്നതായും ഇവിടുള്ളവര്‍ പറയുന്നു. ഈ ക്ഷേത്രം പണികഴിപ്പിച്ചത് ദേവാസിലെ രാജാവാണ്. ക്ഷേത്ര നിര്‍മ്മാണം കഴിഞ്ഞതോടെ പല വിചിത്ര സംഗതികളും അരങ്ങേറുകയുണ്ടായി. രാജാവിന്‍റെ മകളെ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടു. രാജാവിന്‍റെ പടത്തലവനും ആത്മഹത്യ ചെയ്തു. ഇതോടെ ക്ഷേത്രത്തിന്‍റെ വിശുദ്ധി നശിച്ചതായും ദേവീ പ്രതിഷ്ഠ മറ്റെവിടെങ്കിലും മാറ്റി സ്ഥാപിക്കണമെന്നും ക്ഷേത്ര പൂജാരി രാജാവിനോട് ആവശ്യപ്പെട്ടു.

WDWD
രണ്ട് മരണങ്ങള്‍ നടന്ന് അശുദ്ധമായ ക്ഷേത്രത്തിലെ ദുര്‍ഗ്ഗാ പ്രതിഷ്ഠ ഉജ്ജൈനിലെ മഹാ ഗണപതി ക്ഷേത്രത്തില്‍പ്രതിഷ്ഠിക്കാന്‍ രാജാവ് തീരുമാനിച്ചു. ഇത്രയുമൊക്കെ ചെയ്തിട്ടും ക്ഷേത്രത്തിലെ ദുരന്തങ്ങള്‍ അവസാനിച്ചിരുന്നില്ല. ക്ഷേത്രത്തില്‍ വിചിത്ര സംഗതികളുടെ തേര്‍‌വാഴ്ച തുടര്‍ന്നുകൊണ്ടേയിരുന്നു.

WDWD
ക്ഷേത്രത്തില്‍ നിന്ന് മിക്കപ്പോഴും അപസ്വരങ്ങള്‍ കേള്‍ക്കാമെന്ന് ഇവിടുത്തുകാര്‍ പറയുന്നു, ചിലപ്പോള്‍ ഒരു സിംഹത്തിന്‍റെ ഗര്‍ജ്ജനം അല്ലെങ്കില്‍ അമ്പലമണികള്‍ ശബ്ദിക്കുന്നത്. മറ്റുചിലപ്പോള്‍ വെളുത്ത സാരി ധരിച്ച ഒരു സ്ത്രീ രൂപത്തെ ക്ഷേത്ര പരിസരത്ത് കണ്ടവരുമുണ്ട്. ഇപ്പോള്‍ ആരും സന്ധ്യ മയങ്ങിയാല്‍ പിന്നെ ക്ഷേത്രപരിസരത്തുകൂടി നടക്കുകപോലും ചെയ്യാറില്ല.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
ദുരുദ്ദേശത്തോടെ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാവുമെന്നാണ് ഭക്തനായ സഞ്ജയ് മാല്‍ഗാവ്‌കര്‍ പറയുന്നത്. ക്ഷേത്രത്തിന്‍റെ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ചിലര്‍ ശ്രമം നടത്തുകയുണ്ടായി. ഇതിനായി, ക്ഷേത്രം നശിപ്പിക്കാനൊരുങ്ങിയ ഇവര്‍ക്ക് അത് സാധിച്ചില്ല എന്ന് മാത്രമല്ല പലവിധ ദുരനുഭവങ്ങളെയും നേരിടേണ്ടി വന്നു എന്നും സഞ്ജയ് പറയുന്നു. ക്ഷേത്രം പൊളിക്കാ‍നെത്തിയ തൊഴിലാളികള്‍ ഒരു അഗ്നി ഗോളം കണ്ടു എന്നും ഇവിടുത്തുകാര്‍ പറയുന്നു.

WDWD
ഈ സംഭവങ്ങള്‍ യാഥാര്‍ത്ഥ്യമോ?....എന്തായാലും ഇത്തരം കഥകള്‍ ഭക്തരെ ക്ഷേത്രത്തില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തുന്നു. പണ്ട് വളരെ ഭംഗിയുള്ള ക്ഷേത്രമായിരുന്നു ഇത്. ഇപ്പോള്‍ ഇത് തകര്‍ന്നതും ഒറ്റപ്പെട്ടതുമായ നിലയിലാണ്. ഭക്തിയോടുകൂടി ക്ഷേത്രത്തില്‍ എത്തുന്നവര്‍ പോലും കേട്ടറിവുള്ള കഥകള്‍ പേടിപ്പെടുത്തുന്നതു മൂലം ഇവിടെ അധിക സമയം ചെലവഴിക്കാറില്ല. ഇതെ കുറിച്ച് നിങ്ങള്‍ എന്ത് കരുതുന്നു.

ആരാധനാലയങ്ങളെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കാമോ?