ബാംഗ്ലൂരിൽ നിന്നും പോയ ശേഷം ഐപിഎൽ നേടിയ അഞ്ച് സൂപ്പർ താരങ്ങൾ

ഞായര്‍, 6 ജൂണ്‍ 2021 (10:54 IST)
2008ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെയും കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത സൂപ്പർ ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ആദ്യ സീസൺ മുതൽ സൂപ്പർ താരം വിരാട് കോലിയും ഏറെ കാലാമായി ടീമിന്റെ നെടുംതൂണായ ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബാറ്റിംഗ് നിര സ്വന്തമായുണ്ടെങ്കിലും ഇതുവരെ കപ്പ് കൈപ്പിടിയിലൊതുക്കാൻ ബാംഗ്ലൂരിനായിട്ടില്ല. 
 
ഐപിഎല്ലിലെ ഏറ്റവും ഭാഗ്യംകെട്ട ടീമുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ബാംഗ്ലൂരിൽ കളിച്ച ശേഷം മറ്റു ടീമുകളിലേക്ക് പോയ പല താരങ്ങൾക്കും ഐപിഎൽ സ്വന്തമാക്കാനായിട്ടുണ്ട്. ആ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.
 
ജാക്വസ് കാലിസ്
 
ഐപിഎല്ലിലെ ആദ്യ മൂന്ന് സീസണുകളിൽ ആർസി‌ബിയുടെ ഭാഗമായിരുന്ന കാലിസ് 2011ലെ ഐപിഎൽ ലേലത്തെ തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാകുന്നത്. 2012ലും 2014ലും കൊൽക്കത്ത ഐപിഎൽ ഉയർത്തിയപ്പോൾ കാലിസും ടീമിൽ നിർണായക സാന്നിധ്യമായിരുന്നു.
 
യുവ്‌രാജ് സിംഗ്
 
2014ൽ ആയിരുന്നു യുവ്‌രാജ് ആർസിബിയിലെത്തുന്നത്. ആ സീസണിന് ശേഷം 2015ൽ ഡൽഹിയിലേക്കും 2016ൽ സൺ‌റൈസേഴ്‌സ് ഹൈദരാബാദിലേക്കും താരം പോയി. 2016ലെ ഐപിഎൽ ഹൈദരാബാദിനൊപ്പം സ്വന്തമാക്കാനും താരത്തിനായി. 2019ലെ തന്റെ അവസാന ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം കപ്പ് നേടാനും താരത്തിനായി.
 
ഷെയ്‌ൻ വാട്ട്സൺ
 
2016, 2017ൽ ആർസിബി താരമായിരുന്ന വാട്ട്സൺ 2018ലെ താരലേലത്തിലാണ് ചെന്നൈയിലേക്കെത്തുന്നത്. ചെന്നൈയിലെത്തിയ ശേഷം 2018ൽ തന്നെ കിരീടം നേടാൻ താരത്തിനായി.
 
ക്വിന്റൺ ഡി കോക്ക്
 
2018ലാണ് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ക്വിന്റൺ ഡിക്കോക്ക് ആർസിബിക്കായി കളിക്കുന്നത്. എന്നാൽ സീസണിന് ശേഷം ആർസി‌ബി കൈവിട്ട ഡികോക്ക് 2019ൽ മുംബൈ ഇന്ത്യൻസിലെത്തി. ആ വർഷവും തൊട്ടടുത്ത വർഷവും ഐപിഎൽ കിരീടം നേടാൻ മുംബൈ ഇന്ത്യൻസിനായി.
 
മനീഷ് പാണ്ഡെ
 
2009,2010 സീസണുകളിൽ ആർസിബിയുടെ ഭാഗമായിരുന്ന മനീഷ് പാണ്ഡെ തുടർന്നുള്ള 3 സീസണുകളിൽ പൂനൈ വാരിയേഴ്‌സിന് വേണ്ടിയാണ് കളിച്ചത്. 2014ൽ കൊൽ‌ക്കത്തയിലേക്ക് മാറിയ പാണ്ഡെയ്ക്ക് ആ വർഷത്തെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ സാധിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍