ഐപിഎല്ലിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, താരങ്ങൾക്ക് രണ്ട് ദിവസം കൂടുമ്പോൾ കൊവിഡ് ടെസ്റ്റ്, പുറത്ത് നിന്നും ഭക്ഷണമില്ല

വ്യാഴം, 29 ഏപ്രില്‍ 2021 (12:50 IST)
ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ ഐപിഎല്ലിലെ ബയോ ബബിൾ സുരക്ഷ കടുപ്പിച്ച് ബിസിസിഐ. രണ്ട് ദിവസ കൂടുമ്പോൾ കൊവിഡ് ടെസ്റ്റ് നടത്താനാണ് ഏറ്റവും പുതിയ തീരുമാനം. നേരത്തെ അഞ്ചു ദിവസത്തില്‍ ഒരിക്കലാണ് ബയോ ബബ്‌ളിനുള്ളില്‍ ഉള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നത്.
 
അതേസമയം താമസിക്കുന്ന ഹോട്ടലിന് പുറത്തുനിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഇനി പറ്റില്ലെന്നും ബിസിസിഐ അറിയിച്ചു. മെയ് ഒന്ന് മുതൽ ഇന്ത്യൻ താരങ്ങൾക്ക് വാക്‌സിൻ നൽകുമെന്നും ബിസിസിഐ സൂചന നൽകി.ഏപ്രില്‍ ഒമ്പതിന് തുടങ്ങിയ ഐപിഎൽ മെയ് 30നാണ് അവസാനിക്കുക.
 
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഓസീസ് താരങ്ങളായ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യന്‍ താരം ആര്‍ അശ്വിനും ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍