മലയാളി പൊളിയല്ലെ? ഓറഞ്ച് ക്യാപ് പോരാട്ടത്തിനുള്ള ആദ്യ അഞ്ചിൽ ദേവ്‌ദത്ത് പടിക്കലും

വ്യാഴം, 29 ഒക്‌ടോബര്‍ 2020 (15:20 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിൽ തന്റെ അരങ്ങേറ്റ മത്സരത്തിലൂടെ തന്നെ വരവറിയിച്ച കളിക്കാരനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്‌ദത്ത് പടിക്കൽ. ഇപ്പോളിതാ തന്റെ അരങ്ങേറ്റ സീസണിൽ തന്നെ ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമനായി സ്ഥാനമുറപ്പിച്ചിരിക്കുകയാണ് താരം.
 
ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്നും 34.75 ശരാശരിയിൽ 417 റൺസാണ് താരം അടിച്ചെടുത്തിരിക്കുന്നത്. ഇതിൽ നാല് അർധസെഞ്ചുറിയും ഉൾപ്പെടുന്നു. ഇന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തുന്ന പട്ടികയിൽ പഞ്ചാബിന്റെ കെഎൽ രാഹുലാണ് ഒന്നാമത്. 12 മത്സരങ്ങളിൽ നിന്നും 595 റൺസാണ് രാഹുൽ അടിച്ചെടുത്തിരിക്കുന്നത്. 12 മത്സരങ്ങളിൽ നിന്നും 471 റൺസോടെ ശിഖർ ധവാൻ പട്ടികയിൽ രണ്ടാമതുണ്ട്. 12 മത്സരങ്ങളിൽ 436 റൺസുള്ള ഡേവിഡ് വാർണർ പട്ടികയിൽ മൂന്നാമതും 12 മത്സരങ്ങളിൽ നിന്നും 424 റൺസുമായി ബാംഗ്ലൂർ നായകൻ വിരാട് കോലി പട്ടികയിൽ നാലാമതുമാണ്.
 
അതേസമയം അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പ്രഥമ സീസണില്‍ നാല് അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ്.2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടി ശിഖര്‍ ധവാനും 2015ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടി ശ്രേയസ് അയ്യരും അരങ്ങേറ്റ സീസണിൽ നാല് അർധസെഞ്ചുറികൾ സ്വന്തമാക്കി‌യിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍