അവൻ അത്ഭുതപ്പെടുത്തുന്ന താരം, ആദ്യ ഐപിഎൽ സെഞ്ചുറിയുടെ ക്രെഡിറ്റ് സഞ്ജുവിന് നൽകി ജോസ് ബട്ട്‌ലർ

ബുധന്‍, 5 മെയ് 2021 (20:45 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസണെ വാനോളം പുകഴ്‌ത്തി സഹതാരവും ഇംഗ്ലണ്ട് സൂപ്പർ താരവുമായ ജോസ് ബട്ട്‌ലർ. ഹൈദരാബാദിനെതിരെ താൻ നേടിയ സെഞ്ചുറിക്ക് കടപ്പെട്ടിരിക്കുന്നത് സഞ്ജു സാംസണിനോടാണെന്ന് ബട്ട്‌ലർ പറഞ്ഞു.
 
സഞ്ജുവിനോടൊപ്പം ബാറ്റ് ചെയ്യുന്നത് രസകരമാണ്. ബാറ്റിങിനിറങ്ങി ആദ്യ ബോൾ തന്നെ സിക്‌സ് പറത്തുകയാണ് സഞ്ജു ചെ‌യ്‌തത്. പന്ത് മിഡിൽ ചെയ്യാൻ ബുദ്ധിമുട്ടിയ എന്റെ സമ്മർദ്ദം അകറ്റുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിം​ഗ്സ്. സഞ്ജു ക്രീസിൽ എത്തിയപാടെ മികച്ച ഷോട്ടുകൾ കളിച്ച് എന്റെ സമ്മർദ്ദം അകറ്റി. എന്നെ സെഞ്ചുറിയിലെത്താൻ സഹായിച്ചത് അതാണ് ബട്ട്‌ലർ പറഞ്ഞു.
 
അതേസമയം മത്സരത്തിൽ ഒഴുക്കോടെ കളിക്കാനാവുന്നതുവരെ ക്രീസിൽ തുടരാനാണ് കോച്ചായ സംഗക്കാര പറഞ്ഞതെന്ന് ബട്ട്‌ലർ പറഞ്ഞു. അതുകൊണ്ടാണ് തുടക്കത്തിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിട്ടും ക്രീസിൽ തുടരാനായത്. ഒപ്പം മറുവശത്ത് സ‍ഞ്ജു അടിച്ചു തകർത്തതോടെ എനിക്ക് സമ്മർദ്ദമില്ലാതെ കളിക്കാനായി. അതിനാൽ തന്നെ ആദ്യ ഐപിഎൽ സെഞ്ചുറിയുടെ ക്രെഡിറ്റ് സഞ്ജുവിനാണ് നൽകുന്നതെന്നും ബട്‌ലര്‍ പറഞ്ഞു.
 
മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ബട്ട്‌ലർ 64 പന്തിൽ 124 റൺസെടുത്തപ്പോൾ വൺ ഡൗണായി ഇറങ്ങിയ സഞ്ജു 33 പന്തിൽ 48 റൺസാണ് നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍