ഐപിഎൽ യുഎഇ‌യിൽ നടത്താമെന്ന് ഭരണസമിതി നിർദേശിച്ചിരുന്നു, ഐപിഎൽ ഉപേക്ഷിക്കപ്പെട്ടതിന് കാരണം ബിസിസിഐയുടെ പിടിവാശി?

ബുധന്‍, 5 മെയ് 2021 (15:37 IST)
ഐപിഎൽ മത്സരങ്ങൾ കഴിഞ്ഞ വർഷത്തേതിന് സമാനമായി യുഎഇ‌യിൽ നടത്തണമെന്ന് ഐപിഎൽ ഭരണസമിതി നിർദേശം വെച്ചിരുന്നതായി റിപ്പോർട്ട്. ഭരണസമിതിയുടെ നിർദേശം ബിസിസിഐ തള്ളുകയും മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തണമെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചതോടെയാണ് ബി‌സിസിഐയുടെ പിടിവാശി വാർത്തകൾക്ക് ഇടയാക്കിയിരിക്കുന്നത്.
 
നാല് ഐപിഎൽ ടീമിലെ താരങ്ങളുൾപ്പടെയുള്ള സ്റ്റാഫുകൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ഐപിഎൽ മത്സരങ്ങൾ ഭംഗിയായി യുഎഇ‌യിൽ സംഘടിപ്പിക്കാൻ ബിസിസിഐയ്ക്ക് സാധിച്ചിരുന്നു. ഇതേ തുടർന്ന് ഇത്തവണയും സമാനമായ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കണമെന്നായിരുന്നു ഐപിഎൽ ഭരണസമിതിയുടെ ആവശ്യം.
 
അതേസമയം ഇന്ത്യയിലെ ബയോ ബബിൾ ഉൾപ്പടെയുള്ള സംവിധാനം യുഎ‌യിൽ ഉണ്ടായിരുന്ന സംവിധാനത്തെ അപേക്ഷിച്ച് വളരെ മോശം നിലവാരത്തിലുള്ളതായിരുന്നുവെന്നും ഇന്ത്യയിലെ ഐപിഎൽ ബബിളിൽ ഒരിക്കലും സുരക്ഷ തോന്നിയിട്ടില്ലെന്നും ആർസി‌ബി താരം ആദം സാംപ വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ പിടിവാശിയും സംഘാടനത്തിലെ പാളിച്ചകളുമാണ് ഐപിഎ‌ൽ നടത്തിപ്പിന്റെ പരാജയത്തിന് കാരണമായതെന്ന വിമർശനവും ശക്തമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍