ഐപിഎല്ലില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് യോഗ്യത നേടാനുള്ള കഠിനമായ ശ്രമത്തിലാണ് ഫ്രാഞ്ചൈസികളെല്ലാം. ആദ്യ 2 സ്ഥാനങ്ങളിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളാണ് പ്ലേ ഓഫിലേക്കുള്ള യോഗ്യത ഏറെക്കുറെ ഉറപ്പിച്ച ടീമുകള്‍. മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ തന്നെ ഇതുവരെയും ഇവരുടെ സ്ഥാനം ഉറപ്പല്ല. എങ്കിലും 90 ശതമാനത്തിലധികം ഈ രണ്ടുടീമുകളാകും ആദ്യ 2 സ്ഥാനക്കാരായി പ്ലേ ഓഫ് യോഗ്യത നേടുക.
പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാലും പ്ലേ ഓഫ് മത്സരങ്ങളില്‍ ടി20 ലോകകപ്പ് ടീമിലുള്ള ഇംഗ്ലണ്ട് താരങ്ങളെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തിരികെ വിളിക്കാന്‍ സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് ഫില്‍ സാള്‍ട്ടിന്റെയും രാജസ്ഥാന്‍ റോയല്‍സിന് ജോസ് ബട്ട്ലറുടെയും സേവനം നഷ്ടമാകും. അതിനാല്‍ തന്നെ ഓപ്പണിംഗിനായി ബാക്കപ്പ് ഓപ്ഷനുകള്‍ ഈ ടീമുകള്‍ക്ക് കരുതിവെയ്‌ക്കേണ്ടതുണ്ട്. ബട്ട്ലര്‍ക്ക് പകരമായി മറ്റൊരു ഇംഗ്ലണ്ട് ബാറ്ററെയാണ് രാജസ്ഥാന്‍ റോയല്‍സ് ബാക്കപ്പായി കരുതിയിരിക്കുന്നത്. നിലവില്‍ ഐപിഎല്ലില്‍ കളിച്ചിട്ടില്ലെങ്കിലും പ്ലേ ഓഫ് ഉറപ്പിച്ച ശേഷം ടോം കോളര്‍ കാഡ്‌മോര്‍ എന്ന ഈ ബാക്കപ്പ് താരത്തെ രാജസ്ഥാന്‍ ഓപ്പണറാക്കി പരീക്ഷിച്ചേക്കും.
2014ലെ യംഗ് വിസ്ഡന്‍ ക്രിക്കറ്ററായി വരവറിയിച്ച കാഡ്‌മോര്‍ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന വലം കൈയ്യന്‍ ബാറ്ററും ഓഫ് സ്പിന്‍ ബൗളറുമാണ്. 2021ല്‍ അബുദാബി ടി10 ലീഗില്‍ ബംഗ്ലാ ടൈഗേഴ്‌സിനെതിരെ 39 പന്തില്‍ 96 റണ്‍സ് നേടി ടി10 ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കാഡ്‌മോര്‍ സ്വന്തമാക്കിയിരുന്നു. കുട്ടി ക്രിക്കറ്റില്‍ താരം ശ്രദ്ധേയനാകുന്നത് ഈ പ്രകടനം മൂലമാണ് തുടര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സ് താരത്തെ വാങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ താരമായാണ് നിലവില്‍ കാഡ്‌മോര്‍ രാജസ്ഥാനൊപ്പമുള്ളത്. സഞ്ജു സാംസണ്‍ ഒന്നാം നമ്പര്‍ കീപ്പറായി തുടരുന്നതിനാല്‍ ബൗളറായും ബാറ്ററായും കാഡ്‌മോറിനെ ഉപയോഗിക്കാന്‍ സാധിക്കും.