ഐപിഎല്ലിലെ ആദ്യമത്സരങ്ങളെല്ലാം മികച്ച രീതിയില്‍ കടന്നുപോയപ്പോള്‍ സമീപ മത്സരങ്ങളിലെല്ലാം തന്നെ മഴ വില്ലനായി മാറുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മാത്രമാണ് മഴ മൂലം ഉപേക്ഷിച്ചതെങ്കിലും ഇനിയുള്ള മത്സരങ്ങള്‍ക്കെല്ലാം മഴ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അടുത്തയാഴ്ച നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങളിലും മഴ വരികയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം.
പ്ലേ ഓഫില്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍,,ക്വാളിഫയര്‍ 2 മത്സരങ്ങളാണ് നടക്കുന്നത്. ഈ മത്സരങ്ങള്‍ക്ക് ശേഷം ക്വാളിഫയര്‍ റൗണ്ടില്‍ വിജയിക്കുന്ന ടീമുകള്‍ തമ്മിലാകും ഫൈനല്‍ മത്സരം നടക്കുക. ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ മത്സരങ്ങള്‍ അഹമ്മദാബാദിലും മറ്റ് രണ്ട് മത്സരങ്ങള്‍ ചെന്നൈയിലുമാണ്. അഹമ്മദാബാദിലെ മത്സരങ്ങള്‍ക്കാണ് മഴ ഭീഷണി സൃഷ്ടിക്കുന്നത്. ഐപിഎല്‍ ഫൈനലിന് റിസര്‍വ് ദിനം ഉള്ളതിനാല്‍ മഴ തടസ്സപ്പെട്ടാലും തൊട്ടടുത്ത ദിവസം മത്സരമുണ്ടാകും.
കാലാവസ്ഥ ഭീഷണി മുന്നില്‍ കണ്ട് ഇത്തവണ അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നടക്കുന്ന 2 പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഓരോ റിസര്‍വ് ദിനം കൂടിയുണ്ടാകും. കൂടാതെ ഫൈനലിനും റിസര്‍വ് ദിനമുണ്ട്. മഴ മൂലം പ്ലേ ഓഫ് മത്സരങ്ങള്‍ തടസപ്പെട്ടാല്‍ അത് റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെയ്ക്കും. നിലവില്‍ കൊല്‍ക്കത്തയും രാജസ്ഥാനുമാണ് പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ച ടീമുകള്‍. ആദ്യ ക്വാളിഫയറില്‍ ഇരു ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടാനാണ് സാധ്യത അധികവും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ചെന്നൈ സൂപ്പര്‍ കിംഗ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കാണ് ഇനിയും പ്ലേ ഓഫ് സാധ്യതകളുള്ളത്.