Shreyas Iyer: മുറിച്ചാൽ മുറി കൂടുന്ന ഇനമാണ്, അവഗണന കൊണ്ട് തളർത്താനാവില്ല, ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോനിക്കും രോഹിത്തിനും മേലെ ഇനി ശ്രേയസ്

അഭിറാം മനോഹർ

ചൊവ്വ, 27 മെയ് 2025 (12:20 IST)
Shreyas Iyer achieved rare feet as captain in IPL
ഐപിഎല്ലില്‍ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനെ 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്ലേ ഓഫിലേക്കെത്തിച്ചതോടെ നായകന്‍ ശ്രേയസ് അയ്യറിന് അപൂര്‍വ നേട്ടം. ഐപിഎല്‍ ചരിത്രത്തില്‍ നായകനെന്ന നിലയില്‍ വ്യത്യസ്തമായ 3 ടീമുകളെ ആദ്യ ക്വാളിഫയറിലെത്തിക്കുന്ന ഒരേയൊരു നായകനെന്ന റെക്കോര്‍ഡ് നേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയത്. ഇതിന് മുന്‍പ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ശ്രേയസ് നായകനെന്ന നിലയില്‍ ക്വാളിഫയറിലെത്തിച്ചിരുന്നു.
 
2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായ ശ്രേയസ് അയ്യര്‍ 2020ലാണ് ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ച് ആദ്യ ക്വാളിഫയറിന് യോഗ്യത നേടികൊടുത്തത്. എന്നാല്‍ പരിക്ക് മൂലം 2021 സീസണിന്റെ ആദ്യപകുതി നഷ്ടമായതോടെ ശ്രേയസിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഡല്‍ഹി നീക്കുകയും പകരം റിഷഭ് പന്തിനെ നായകനാക്കുകയും ചെയ്തിരുന്നു. ശ്രേയസ് തിരിച്ചെത്തിയിട്ടും പന്ത് നായകനായി തുടര്‍ന്നതോടെയാണ് ശ്രേയസ് കൊല്‍ക്കത്തയിലേക്ക് മാറുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 2024ല്‍ ചാമ്പ്യന്‍മാരാക്കിയ ശ്രേയസ് 2024ല്‍ ഒന്നാം സ്ഥാനക്കാരായാണ് ക്വാളിഫയറിന് യോഗ്യത നേടിയത്.
 
 2024ല്‍ കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ കിരീടം നേടികൊടുത്തിട്ടും ശ്രേയസിനെ ടീമില്‍ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസി തയ്യാറാകാതെ വന്നതോടെയാണ് 2025ല്‍ താരം പഞ്ചാബ് കിംഗ്‌സിലെത്തിയത്. പഞ്ചാബില്‍ താന്‍ നായകനെന്ന നിലയില്‍ എത്ര മികച്ചവനാണെന്ന് ശ്രേയസ് തെളിയിക്കുകയും ചെയ്തു. കഴിഞ്ഞ 2-3 വര്‍ഷങ്ങളിലായി ബിസിസിഐ കരാറില്‍ നിന്നും പുറത്താക്കപ്പെടുക, കൊല്‍ക്കത്ത ടീം പുറത്താക്കുക, ഒടുവില്‍ അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയും ടെസ്റ്റ് ടീമില്‍ തഴയപ്പെടുക തുടങ്ങി ഒട്ടേറെ തിരിച്ചടികളാണ് ശ്രേയസ് നേരിട്ടത്. എന്നാല്‍ ഇതിനുള്ള മറുപടി കളിക്കളത്തില്‍ പ്രകടനങ്ങളായും ട്രോഫികളായുമാണ് ശ്രേയസ് നല്‍കുന്നത്. ഇത്തവണ ഐപിഎല്‍ വിജയിക്കാനായാല്‍ പഞ്ചാബിന് തങ്ങളുടെ ചരിത്രത്തില്‍ ആദ്യ ഐപിഎല്‍ കിരീടം നേടികൊടുക്കുന്ന നായകനെന്ന തകര്‍ക്കാനാവാത്ത നേട്ടം ശ്രേയസിന്റെ പേരില്‍ ചരിത്രത്തില്‍ കോറിയിടും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍