8.5 കോടി ഹെറ്റ്മെയർക്കെന്ന് കേട്ടപ്പോൾ നെറ്റി ചുളിച്ചവർ ഏറെ, ഇന്ന് രാജസ്ഥാൻ്റെ വജ്രായുധം

തിങ്കള്‍, 17 ഏപ്രില്‍ 2023 (16:47 IST)
ഐപിഎല്ലിൽ 2019ലാണ് ഷെമ്രോൺ ഹെറ്റ്മെയർ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സീസൺ ആർസിബിയിൽ കളിച്ച താരത്തെ 2020ൽ 7.75 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കുന്നത്, ഡൽഹി മധ്യനിരയിലും പല മിന്നലാട്ടങ്ങൾ നടത്താനായെങ്കിലും ഫിറ്റ്നസിൽ അധികം ശ്രദ്ധ നൽകാത്ത താരത്തിൻ്റെ സമീപനവും മറ്റും പലപ്പോഴും ചർച്ചയായി. വെസ്റ്റിൻഡീസ് ടീമിൽ പോലും ഇക്കാരണത്താൽ ഇടം പിടിക്കാതെ പോയ താരത്തെ 2022ൽ 8.50 കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. അന്ന് രാജസ്ഥാൻ്റെ ഈ തീരുമാനത്തിൽ നെറ്റി ചുളിച്ചവർ ഏറെയാണ്.
 
പലപ്പോഴും ചില മിന്നൽ പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും താരം സ്ഥിരത പുലർത്തുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ 2022ൽ ദേവ്ദത്ത് പടിക്കലിനെ വമ്പൻ വിലയ്ക്ക് സ്വന്തമാക്കിയ രാജസ്ഥാന് ലഭിച്ച ലോട്ടറിയായിരുന്നു ഹെറ്റ്മെയർ. 2022ൽ രാജസ്ഥാനായി 15 ഇന്നിങ്ങ്സ് കളിച്ച താരം അതിൽ 8 എണ്ണത്തിലും നോട്ടൗട്ട് ആയിരുന്നു. മധ്യനിരയിലെ കരുത്തനായ താരം പെട്ടെന്ന് തന്നെ രാജസ്ഥാൻ്റെ വിശ്വസ്തനായ ഫിനിഷറായി മാറി. 2022ൽ 153 എന്ന സ്ട്രൈക്ക്റേയിൽ 44.8 എന്ന ബാറ്റിംഗ് ശരാശരിയിൽ 314 റൺസാണ് ഹെറ്റ്മെയർ മധ്യനിരയിൽ അടിച്ചുകൂട്ടിയത്.
 
2023 സീസണിലേക്കെത്തി നിൽക്കുമ്പോഴും ഓപ്പണിംഗ് താരങ്ങളായ യശ്വസി ജയ്സ്വാൾ,ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ,ഷിമ്രോൺ ഹെറ്റ്മെയർ എന്നീ താരങ്ങളെയാണ് രാജസ്ഥാൻ പ്രധാനമായും ആശ്രയിക്കുന്നത്. ഇതിൽ ഹെറ്റ്മയറാകാട്ടെ സ്ഥിരതയോടെ ഫിനിഷർ പൊസിഷനിൽ റൺമഴ പെയ്യിക്കുകയും ചെയ്യുന്നു. 2023ലെ ഐപിഎൽ സീസണിൽ കളിച്ച 5 മത്സരങ്ങളിലും നാലെണ്ണത്തിലും താരം നോട്ടൗട്ടാണ്. 5 ഇന്നിങ്ങ്സിൽ നിന്നും 183 എന്ന ബാറ്റിംഗ് ശരാശരിയിൽ 183 റൺസാണ് താരം ഇതുവരെ നേടിയത്. 184 എന്ന മികച്ച സ്ട്രൈക്ക്റേറ്റും താരത്തിന് സ്വന്തം.
 
ഐപിഎല്ലിൽ മുന്നേറ്റനിരയ്ക്കൊപ്പം തന്നെ മധ്യനിരയുടെ മികച്ച പ്രകടനവും രാജസ്ഥാന് നിർണായകമാണ്. ഹെറ്റ്മെയർക്കൊപ്പം യുവതാരമായ ധ്രുവ് ജുറൽ കൂടെ മികവ് പുലർത്തൂന്നത് രാജസ്ഥാൻ്റെ കിരീടപ്രതീക്ഷയ്ക്ക് വെളിച്ചമേകുന്നുണ്ട്. മുൻനിര തകർന്നാലും ടീമിനെയാകെ താങ്ങി നിർത്താൻ കഴിവുള്ള ചുമലുകളാണ് തൻ്റേതെന്ന് ഹെറ്റി തെളിയിച്ചുകഴിഞ്ഞു. അതിനാൽ തന്നെ രാജസ്ഥാൻ ഇത്തവണ ഒരു കിരീടം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍