സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 67 റണ്‍സിന് പരാജയപ്പെട്ടെങ്കിലും മത്സരത്തിന്റെ ഒരു ഘട്ടം വരെ ശക്തമായ പോരാട്ടമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് കാഴ്ചവെച്ചത്. 267 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും പിന്നീടെത്തിയ അഭിഷേക് പോറലും ജേക്ക് ഫ്രേസര്‍ മഗുര്‍ക്കും ചേര്‍ന്ന് ടീമിനെ ശക്തമായ നിലയിലെത്തിച്ചിരുന്നു. 18 പന്തില്‍ നിന്നും 65 റണ്‍സുമായി തകര്‍ത്തടിച്ച മഗുര്‍ക്ക് ഹൈദരാബാദിന് ഭീഷണി ഉയര്‍ത്തിയെകിലും മായങ്ക് മാര്‍ക്കണ്ടെ താരത്തെ പവലിയനിലേക്കയച്ചു.
മഗുര്‍ക്ക് പുറത്താകുമ്പോള്‍ 7 ഓവറില്‍ 109 റണ്‍സിന് 3 വിക്കറ്റെന്ന ശക്തമായ നിലയിലായിരുന്നു ഡല്‍ഹി. പന്ത് ക്രീസിലെത്തുമ്പോള്‍ 8.4 ഓവറില്‍ 135 റണ്‍സിന് 4 എന്ന നിലയിലായിരുന്ന ഡല്‍ഹിക്ക് മത്സരത്തില്‍ അപ്പോഴും സാധ്യതകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ശക്തമായ നിലയില്‍ നിന്നും പന്തിന്റെ മെല്ലെപ്പോക്ക് ഡല്‍ഹിയുടെ ഉണ്ടായിരുന്ന സാധ്യതകള്‍ അവസാനിപ്പിച്ചു. 35 പന്തില്‍ നിന്നും 125 പ്രഹരശേഷിയില്‍ 44 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. ടീം ശക്തമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തിയിട്ടും വിജയത്തിന് ശ്രമിക്കാതെ പന്ത് കളിച്ച ഇന്നിങ്ങ്‌സ് വലിയ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ആദ്യ 51 പന്തില്‍ 135 റണ്‍സടിച്ച ഡല്‍ഹി അടുത്ത 64 പന്തില്‍ നിന്നും അടിച്ചത് വെറും 64 റണ്‍സ് മാത്രമായിരുന്നു. ഇതോടെയാണ് ഡല്‍ഹി 199 എന്ന സ്‌കോറില്‍ ഒതുങ്ങിയത്. ലോകകപ്പ് അടുത്തപ്പോള്‍ വ്യക്തിഗത സ്‌കോര്‍ മാത്രമാണ് പന്ത് ലക്ഷ്യമിട്ടതെന്നാണ് ആരാധകരുടെ വിമര്‍ശനം. സാധാരണ നാലാമതായി ഇറങ്ങുന്ന പന്ത് ആറാമതായാണ് ഹൈദരാബാദിനെതിരെ കളിച്ചത്. ഉത്തരവാദിത്ത്വത്തില്‍ നിന്നുമുള്ള പന്തിന്റെ ഈ ഒളിച്ചോട്ടത്തിനെയും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്.