ജയത്തിനു അരികെ വരെ എത്തിയ ശേഷമാണ് ഇന്ത്യയുടെ കീഴടങ്ങല്‍. 15.4 ഓവറില്‍ 86 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്. എന്നാല്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (41 പന്തില്‍ പുറത്താകാതെ 47), ജെറാള്‍ഡ് കോട്ട്‌സീ (ഒന്‍പത് പന്തില്‍ പുറത്താകാതെ 19) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയുടെ കൈയില്‍ നിന്ന് ജയം തട്ടിപ്പറിച്ചെടുത്തു. പേസര്‍മാര്‍ നിറം മങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ആവേശ് ഖാന്‍ മൂന്ന് ഓവറില്‍ 23 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 22 റണ്‍സും വഴങ്ങി. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയിക്ക് ഒരു വിക്കറ്റ്.
ഹാര്‍ദിക് പാണ്ഡ്യ (45 പന്തില്‍ പുറത്താകാതെ 39) ഇന്ത്യയുടെ ടോപ് സ്‌കോററായി. അക്‌സര്‍ പട്ടേല്‍ 27 റണ്‍സും തിലക് വര്‍മ 20 റണ്‍സും നേടി. സഞ്ജു സാംസണ്‍ (പൂജ്യം), അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ നാല്), സൂര്യകുമാര്‍ യാദവ് (ഒന്‍പത് പന്തില്‍ നാല്) എന്നിവര്‍ പൂര്‍ണമായി നിരാശപ്പെടുത്തി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. നവംബര്‍ 13 നാണ് മൂന്നാം ട്വന്റി 20 മത്സരം.