ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

അഭിറാം മനോഹർ
വ്യാഴം, 16 മെയ് 2024 (17:58 IST)
ഐപിഎല്‍ ടൂര്‍ണമെന്റ് തുടങ്ങി അതിന്റെ 75 % വരെയും മറ്റ് ടീമുകള്‍ക്ക് മേലെ കൃത്യമായ മേധാവിത്വം പുലര്‍ത്തി ഒന്നാം നമ്പര്‍ ടീമായാണ് രാജസ്ഥാന്‍ റോയല്‍ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. 9 കളികളില്‍ എട്ടും വിജയിച്ച ടീം പഴയ മുംബൈ ഇന്ത്യന്‍സ് ടീമിനെ ഓര്‍മിപ്പിക്കുന്നു എന്ന തരത്തില്‍ വിശേഷണങ്ങളെല്ലാം വന്നുവെങ്കിലും പിന്നീട് രാജസ്ഥാനുണ്ടായ പതനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഓപ്പണര്‍മാരുടെ ഭാഗത്ത് നിന്ന് കാര്യമായ സംഭാവനകള്‍ ഉണ്ടായിരുന്നില്ലെങ്കിലും സഞ്ജു- പരാഗ് എന്നിവര്‍ എണ്ണയിട്ട യന്ത്രം കണക്കെ റണ്‍സ് നേടുമ്പോള്‍ ഏതെങ്കിലും താരത്തിന്റെ വ്യക്തിഗത മികവില്‍ രാജസ്ഥാന്‍ മത്സരങ്ങള്‍ വിജയിക്കുമായിരുന്നു.
 
 സീസണില്‍ മോശം ഫോമിലായിരുന്നിട്ട് കൂടി ജോസ്ബട്ട്ലര്‍ രണ്ട് സെഞ്ചുറിയും ജയ്‌സ്വാള്‍ ഒരു സെഞ്ചുറിയും രാജസ്ഥാനായി നേടിയിരുന്നു. ഈ മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഇവര്‍ക്കായിരുന്നു. ജോസ് ബട്ട്ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ജയ്‌സ്വാള്‍ റണ്‍സെടുക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയായതോടെ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരുടെ തോളുകള്‍ക്ക് മുകളിലാണ് രാജസ്ഥാന്റെ പ്രതീക്ഷകളെല്ലാം. സഞ്ജുവിനും പരാഗിനും പുറമെയുള്ള താരങ്ങളില്‍ ഹെറ്റ്‌മേയര്‍ക്ക് പരിക്കാണ് എന്നത് രാജസ്ഥാന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്റെ വിശ്വസ്ത താരമായിരുന്നു ഹെറ്റി.
 
 ഒരു മത്സരത്തില്‍ മാത്രമാണ് ധ്രുവ് ജുറല്‍ രാജസ്ഥാനായി തിളങ്ങിയത്. അവസാന ഓവറുകളിലെ പവര്‍ ഹിറ്റിംഗിനായി ടീമിലെത്തിച്ച റോവ്മാന്‍ പവലും പരാജയമാണ്. ആദ്യ 2 വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ തന്നെ നഷ്ടമാകുന്നത് പതിവാകുമ്പോള്‍ സഞ്ജു സാംസണ്‍- റിയാന്‍ പരാഗ് എന്നിവര്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് അത് സൃഷ്ടിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. വരുന്ന മത്സരങ്ങളില്‍ ചെറുതെങ്കിലും ടീമിന് ഉപകാരമാകുന്ന നല്ല സംഭാവനകള്‍ ഓപ്പണിംഗില്‍ നിന്നും വന്നില്ലെങ്കില്‍ പ്ലേ ഓഫില്‍ നാണം കെടുവാനായിരിക്കും രാജസ്ഥാന് യോഗം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article