Mumbai Indians vs Gujarat Titans: തൊണ്ണൂറ് ശതമാനം ജയിച്ച കളി അവസാനം കുളമാക്കി ! ഉത്തരവാദിത്തം കാണിക്കാതെ മുംബൈ മധ്യനിര

രേണുക വേണു
തിങ്കള്‍, 25 മാര്‍ച്ച് 2024 (08:59 IST)
Mumbai Indians

Mumbai Indians vs Gujarat Titans: ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ജയിക്കാനുള്ള അവസരം തുലച്ച് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഗുജറാത്ത് താരം സായ് സുദര്‍ശനാണ് കളിയിലെ താരം. 
 
ഒരു ഘട്ടത്തില്‍ ഗുജറാത്തിന്റെ സ്‌കോര്‍ അനായാസം മുംബൈ മറികടക്കുമെന്ന് ഉറപ്പായതാണ്. എന്നാല്‍ മുംബൈയുടെ മധ്യനിര ബാറ്റര്‍മാര്‍ ഉത്തരവാദിത്തമില്ലാതെ കളിച്ചതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ഡെവാല്‍ഡ് ബ്രെവിസ് 38 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 46 റണ്‍സുമായി മുംബൈയുടെ ടോപ് സ്‌കോററായി. രോഹിത് ശര്‍മ 29 പന്തില്‍ 43 റണ്‍സ് നേടി. രോഹിത്തും ബ്രെവിസും പുറത്തായതോടെ മുംബൈ തോല്‍വിയിലേക്ക് അടുക്കുകയായിരുന്നു. 
 
ബ്രെവിസ് പുറത്താകുമ്പോള്‍ മുംബൈ 15.5 ഓവറില്‍ 129-4 എന്ന നിലയിലായിരുന്നു. 25 ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 39 റണ്‍സ് മാത്രം. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. തിലക് വര്‍മ (19 പന്തില്‍ 25), ടിം ഡേവിഡ് (10 പന്തില്‍ 11), ഹാര്‍ദിക് പാണ്ഡ്യ (നാല് പന്തില്‍ 11) എന്നിവരുടെ പരിശ്രമങ്ങളെല്ലാം വിഫലമായി. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സാണ്. ആദ്യ രണ്ട് പന്തുകളില്‍ ഒരു സിക്‌സും ഒരു ഫോറും സഹിതം 10 റണ്‍സ് നേടി പാണ്ഡ്യ മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത രണ്ട് പന്തുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഉമേഷ് യാദവ് ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article