മുംബൈ ആരാധകര്‍ നിരാശയില്‍, പ്ലേ ഓഫ് പോലും എത്തില്ലെന്ന് പേടി; തലവേദനകള്‍ ഇതെല്ലാം

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (12:26 IST)
തുടര്‍ച്ചയായ മോശം പ്രകടനങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് കടുത്ത നിരാശ. ചെന്നൈ സൂപ്പര്‍ കിങ്‌സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുമെതിരെ ജയിക്കാന്‍ സാധിക്കാത്തത് ടീമിന്റെ ഭാവി ദുഷ്‌കരമാക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. 
 
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയുടെ മെല്ലെപ്പോക്ക് വിമര്‍ശിക്കപ്പെടുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ രോഹിത്തിന് സാധിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 
 
മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്ത ചൂണ്ടിക്കാട്ടി. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും തുടര്‍ച്ചയായി നിറംമങ്ങുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സൂര്യകുമാറിന് രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഇഷാന്‍ കിഷനും പരാജയപ്പെടുന്നു. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും മധ്യനിരയ്ക്ക് ശക്തിയേകി തുടര്‍ന്ന് ഡെത്ത് ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയും കിറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിങ് നടത്തുകയാണ് മുംബൈയുടെ നട്ടെല്ല്. ഇത്തവണ അതാണ് ഇല്ലാതെ പോയതെന്ന് ദീപ് ദാസ് ഗുപ്ത പറഞ്ഞു. മധ്യനിരയിലെ എല്ലാവരും ഒരേസമയം നിരാശപ്പെടുത്തുന്നതായും ഈ രീതി തുടര്‍ന്നാല്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് പ്രവേശനം ദുഷ്‌കരമാകുമെന്നും അദ്ദേഹം പറഞ്ഞു. 
 
സ്പിന്നര്‍ രാഹുല്‍ ചഹര്‍ നിരാശപ്പെടുത്തുന്നതും മുംബൈയുടെ തലവേദനയാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ മൂന്ന് ഓവറില്‍ ചഹര്‍ വഴങ്ങിയത് 34 റണ്‍സാണ്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്നതും മുംബൈയുടെ പ്രതാപകാലത്തിനു തിരിച്ചടിയാകുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍