ധോണി എട്ടാമനായി ക്രീസിലെത്തുമ്പോള്‍ ചെന്നൈ ഏറെക്കുറെ തോല്‍വി ഉറപ്പിച്ചിരുന്നു. എന്നിട്ടും വന്‍ വരവേല്‍പ്പാണ് ധോണിക്ക് ആരാധകര്‍ നല്‍കിയത്. ക്രീസിലെത്തിയ ശേഷം ആദ്യ മൂന്ന് പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ധോണി പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. മോഹിത് ശര്‍മയെ സിക്‌സര്‍ പറത്തി കൊണ്ടാണ് ധോണി ട്രാക്ക് മാറ്റിയത്. അവസാന ഓവറില്‍ ചെറിയൊരു വെടിക്കെട്ടിനും ധോണിയുടെ ബാറ്റ് തിരികൊളുത്തി.
ഗുജറാത്തിനു വേണ്ടി അവസാന ഓവര്‍ എറിയാനെത്തിയത് റാഷിദ് ഖാനാണ്. ആദ്യ രണ്ട് പന്തുകളില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ അടിക്കുകയായിരുന്നു ധോണി. പിന്നീടുള്ള മൂന്ന് പന്തുകളില്‍ റണ്‍സൊന്നും എടുത്തില്ല. അവസാന പന്തില്‍ ഒരു ഫോര്‍ കൂടി നേടി. കളി കഴിയുമ്പോള്‍ 11 പന്തില്‍ 26 റണ്‍സെടുത്ത് ധോണി പുറത്താകാതെ നില്‍ക്കുകയായിരുന്നു. കളി തോറ്റെങ്കിലും തലയുടെ വിളയാട്ടം കണ്ടല്ലോ എന്നാണ് ചെന്നൈ ആരാധകര്‍ പോലും സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. അതേസമയം റാഷിദ് ഖാനെ കളിക്കാന്‍ ധോണിക്ക് അറിയില്ലെന്ന് വിമര്‍ശിച്ചവരൊക്കെ എവിടെയെന്ന് വളരെ സീരിയസായി ധോണി ആരാധകര്‍ ചോദിക്കുകയും ചെയ്യുന്നു.