ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ടീം മാനേജ്‌മെന്റിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍. അംപയര്‍ നോ-ബോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തന്റെ ടീം അംഗങ്ങളോട് ബാറ്റിങ് നിര്‍ത്തി കയറിവരാന്‍ റിഷഭ് പന്ത് ആവശ്യപ്പെട്ടതിനെതിരെയാണ് പീറ്റേഴ്‌സണ്‍ രംഗത്തെത്തിയത്. ഡല്‍ഹി മാനേജ്‌മെന്റിനൊപ്പം ഈ സമയത്ത് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത രീതിയില്‍ ഇങ്ങനെയൊക്കെ പ്രവൃത്തിക്കാന്‍ തങ്ങള്‍ ആരാണെന്നാണ് ഇവരൊക്കെ കരുതിയിരിക്കുന്നതെന്നും പീറ്റേഴ്‌സണ്‍ ചോദിച്ചു.
' ഇത് ക്രിക്കറ്റാണ്, ഫുട്‌ബോള്‍ അല്ല. ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ പാടില്ല. റിക്കി പോണ്ടിങ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. 'ഏത് ലോകത്ത് ഇരുന്നാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്' എന്ന് പന്തിനോട് ചോദിക്കാന്‍ ജോസ് ബട്‌ലര്‍ക്ക് എല്ലാ അവകാശവും ഉണ്ട്. കോച്ചിനെ പിച്ചിലേക്ക് അയച്ചത് ശരിയായ നടപടിയായാണ് അവര്‍ വിചാരിക്കുന്നത്. ഒരിക്കലും അത് മാന്യമായ നടപടിയായിരുന്നില്ല. വ്യക്തികള്‍ക്ക് പിഴവുകള്‍ സംഭവിക്കാം...ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. എനിക്കറിയില്ല, ആരാണെന്നാണ് അവരൊക്കെ വിചാരിക്കുന്നത്,' പീറ്റേഴ്‌സണ്‍ പറഞ്ഞു.