ഐപിഎല്‍ സീസണിലെ അവസാന രണ്ട് ലീഗ് മത്സരങ്ങള്‍ ഒരേ ദിവസം, ഒരേ സമയം. ആദ്യമായാണ് പ്ലേഓഫിനു മുന്‍പത്തെ രണ്ട് കളികള്‍ ഒരേ സമയത്ത് നടക്കുന്നത്. ഐപിഎല്ലില്‍ രണ്ട് മത്സരങ്ങള്‍ ഉള്ള ദിവസം ഒരെണ്ണം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നും രണ്ടാം മത്സരം രാത്രി 7.30 നുമാണ് നടക്കാറുള്ളത്. എന്നാല്‍, ലീഗിലെ അവസാന രണ്ട് കളികള്‍ ഇത്തവണ ഒരേസമയത്ത് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ എട്ടിനാണ് ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍. ഒരു മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മറ്റൊരു മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. ഈ രണ്ട് കളികളും നാളെ (ഒക്ടോബര്‍ 8) വൈകിട്ട് 7.30 നാണ് ആരംഭിക്കുക.
പ്ലേ ഓഫിലേക്ക് നാലാമതെത്തുന്ന ടീം ഏതായിരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. അതുകൊണ്ട് തന്നെ അവസാന രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ സംഭവിക്കരുതെന്ന് ബിസിസിഐയ്ക്ക് ആഗ്രഹമുണ്ട്. വാതുവയ്പ് പോലെയുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാണ് ലീഗിലെ അവസാന രണ്ട് കളികളും ഒരേസമയത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.