ലോകത്തിലെ ഏറ്റവും മികച്ച 5 ടി20 താരങ്ങളെ തിരെഞ്ഞെടുത്ത് പൊ‌ള്ളാർഡ്, കോലിയും രോഹിത്തും ഇല്ലാത്ത ലിസ്റ്റിൽ ഒരേയൊരു ഇന്ത്യൻ താരം

ബുധന്‍, 6 ഒക്‌ടോബര്‍ 2021 (20:42 IST)
ടി20 ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുത്താൽ ആദ്യ മൂന്ന് പേരുകാരിൽ ഉറപ്പായും ഉണ്ടാകാനിടയുള്ള താരമാണ് വിൻഡീസ് താരം കിറൊൺ പൊള്ളാർഡ്. വെസ്റ്റിൻഡീസിനായും മുംബൈ ഇന്ത്യൻസിനായും ടി20യിൽ മികച്ച പ്രകടനമാണ് താരം കാഴ്‌ച്ചവെച്ചിട്ടുള്ളത്. 
 
ഇപ്പോഴിതാ ടി20യിലെ ലോകത്തെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് പൊള്ളാർഡ്. ഇന്ത്യൻ നായകനായ വിരാട് കോലിയും ഐപിഎല്ലിൽ മുംബൈ നായകനായ രോഹിത് ശർമയും ഇടം പിടിക്കാത്ത പൊള്ളാർഡിന്റെ പട്ടികയിൽ ഒരേയൊരു ഇന്ത്യൻ താരം മാത്രാമാണുള്ളത്.
 
വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ തന്‍റെ സഹതാരവും ടി20യിലെ ഇതിഹാസവുമായ ക്രിസ് ഗെയ്‌ലാണ് പൊള്ളാര്‍ഡ് തെരഞ്ഞെടുത്ത ഒന്നാം പേരുകാരന്‍. ടി20യിൽ 13,000ത്തിലധികം റൺസുകളുള്ള പൊള്ളാർഡ് ഐപിഎല്ലിലെ വമ്പനടികൾക്കും പേര് കേട്ട കളിക്കാരനാണ്. ശ്രീലങ്കയുടെയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെയും ബൗളിംഗ് കുന്തമുനയായിരുന്ന ലസിത് മലിംഗയാണ് പൊള്ളാര്‍ഡിന്‍റെ പട്ടികയില്‍ രണ്ടാമത്തെ താരം.  അടുത്തിടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മലിംഗ മുംബൈക്ക് അഞ്ച് തവണ ഐപിഎല്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
 
ഐപിഎല്ലിൽ കൊൽക്കത്തയുടെ പ്രധാന താരമായ സുനിൽ നരെയ്‌നാണ് പൊള്ളാർഡിന്റെ ലിസ്റ്റിലെ മൂന്നാമത്തെ താരം. ടി20 ക്രിക്കറ്റില്‍ 419 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് നരെയ്ന്‍. അതേസമയം ഐപിഎല്ലിലെ ചെന്നൈ നായകനും മുൻ ഇന്ത്യൻ നായകനുമായ മഹേന്ദ്രസിങ് ധോണിയാണ് പൊള്ളാര്‍ഡിന്‍റെ ലിസ്റ്റിലുള്ള ഏക ഇന്ത്യന്‍ താരം.  മികച്ച ക്യാപ്റ്റനെന്നതിലുപരി മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള മികവുകൊണ്ടുകൂടിയാണ് ധോണി തന്‍റെ പട്ടികയില്‍ ഇടം നേടിയതെന്ന് പൊള്ളാര്‍ഡ് പറയുന്നു.
 
അതേസമയം പൊള്ളാർഡ് തന്നെയാണ് പൊള്ളാർഡിന്റെ പട്ടികയിലെ അഞ്ചാം സ്ഥാനക്കാരൻ.ടി20 ക്രിക്കറ്റില്‍ തന്‍റെ റെക്കോര്‍ഡുകളാണ് ഏറ്റവും മികച്ച അഞ്ചു പേരുടെ പട്ടികയില്‍ തനിക്ക് ഇടം നല്‍കുന്നതെന്നും മുംബൈ ഇന്ത്യന്‍സ് താരം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍