'നിനക്ക് ഇത് ചെയ്യാന്‍ സാധിക്കും'; അവസാന പന്തില്‍ സിക്‌സ് അടിച്ച് ജയിപ്പിക്കും മുന്‍പ് മാക്‌സ്വെല്‍ ഭരതിനോട് പറഞ്ഞത്

ശനി, 9 ഒക്‌ടോബര്‍ 2021 (08:45 IST)
ഐപിഎല്ലിലെ നാടകീയ മത്സരമായിരുന്നു ഇന്നലെ നടന്നത്. പ്ലേ ഓഫ് ഉറപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ ജയം കോലിപ്പടയ്‌ക്കൊപ്പം. അതും അവസാന പന്തില്‍. അഞ്ച് റണ്‍സാണ് അവസാന പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഡല്‍ഹി ബൗളര്‍ ആവേശ് ഖാന്റെ പന്ത് ആര്‍സിബി താരം ശ്രികര്‍ ഭരത് സിക്‌സിന് പറത്തുകയായിരുന്നു. ഭരത് ബാറ്റ് ചെയ്യുമ്പോള്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ആയിരുന്നു നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ ഉണ്ടായിരുന്നത്. അവസാന ഓവറില്‍ താനും മാക്‌സ്വെല്ലും തമ്മില്‍ നടത്തിയ സംഭാഷണത്തെ കുറിച്ച് ഭരത് മത്സരശേഷം വെളിപ്പെടുത്തി. 
 
'അവസാന ഓവറില്‍ ഞാനും മാക്‌സിയും കുറേ സംസാരിച്ചു. എവിടെയെല്ലാം റണ്‍സ് നേടാന്‍ സാധിക്കുമെന്നതിനെ കുറിച്ചാണ് സംസാരിച്ചത്. ബോള്‍ നന്നായി നിരീക്ഷിക്കുക, എന്നിട്ട് ബോള്‍ ഹിറ്റ് ചെയ്യുക എന്നാണ് മാക്‌സി എന്നോട് പറഞ്ഞത്. അത് തന്നെയാണ് ഞങ്ങള്‍ ചെയ്തതും. അവസാന മൂന്ന് പന്തില്‍ സ്‌ട്രൈക് മാക്‌സ്വെല്ലിന് നല്‍കണോ എന്ന് ഞാന്‍ ചോദിച്ചു. വേണ്ട, നീ പന്തുകള്‍ നേരിടൂ. ഇത് അവസാനിപ്പിക്കാന്‍ നിന്നെക്കൊണ്ട് സാധിക്കും എന്നാണ് അദ്ദേഹം എനിക്ക് ഉപദേശം നല്‍കിയത്. മാക്‌സ്വെല്‍ പറഞ്ഞതുപോലെ ഞാന്‍ ബോള്‍ വാച്ച് ചെയ്ത് കളിച്ചു,' ഭരത് പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍