Delhi Capitals: കഴിഞ്ഞ 5 കളികളില്‍ നാലിലും വിജയം, അടിവാരത്തില്‍ നിന്നും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് റിഷഭ് പന്തും പിള്ളേരും

അഭിറാം മനോഹർ
ഞായര്‍, 28 ഏപ്രില്‍ 2024 (08:45 IST)
Delhi capitals,IPL 24
2024 ഐപിഎല്ലില്‍ ഏറ്റവും മോശമായി സീസണ്‍ തുടങ്ങിയ ടീമുകളില്‍ ഒന്നായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ്. പൃഥ്വി ഷാ,റിഷഭ് പന്ത്,ഡേവിഡ് വാര്‍ണര്‍,മിച്ചല്‍ മാര്‍ഷ് തുടങ്ങിയ താരങ്ങളുണ്ടെങ്കിലും ആദ്യ മത്സരങ്ങളില്‍ കാര്യമായ പ്രകടനം നടത്താന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നില്ല. ആദ്യ അഞ്ച് കളികളില്‍ നാലിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരില്‍ ഒരു ടീമായിരുന്ന ഡല്‍ഹി. 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 10 പോയന്റുകളുമായി പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിച്ചതോടെയാണ് അടിവാരത്തില്‍ നിന്നും ഡല്‍ഹി മുന്നേറിയത്.
 
ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സുമായുള്ള വിജയത്തോടെയായിരുന്നു ഡല്‍ഹിയുടെ ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍. ലഖ്‌നൗ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മറികടന്നായിരുന്നു ഈ വിജയം. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഡല്‍ഹി ആ മത്സരം 9 ഓവറില്‍ അവസാനിപ്പിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെ മറ്റൊരു മത്സരത്തില്‍ 4 റണ്‍സിന് പരാജയപ്പെടുത്തിയ ഡല്‍ഹി ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെയും വിജയിച്ചു. അവസാന അഞ്ച് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മാത്രമാണ് ഡല്‍ഹി പരാജയപ്പെട്ടത്. ഹൈദരാബാദ് 266 നേടിയ മത്സരത്തില്‍ 67 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി.
 
മിച്ചല്‍ മാര്‍ഷ് ടീമില്‍ നിന്നും പോയതിന് ശേഷമെത്തിയ മക് ഗുര്‍ക് മികച്ച രീതിയിലാണ് ഓപ്പണിംഗ് റോള്‍ കൈകാര്യം ചെയ്യുന്നത്. റിഷഭ് പന്ത് തന്റെ ഫോം തിരികെ പിടിച്ചതും ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ്, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ സാന്നിധ്യവും ഡല്‍ഹിക്ക് കരുത്ത് നല്‍കുന്നു. ആദ്യ അഞ്ചില്‍ നാലിലും പരാജയപ്പെട്ട ഡല്‍ഹി അവസാന അഞ്ചില്‍ നാലിലും വിജയിച്ച് ടോപ്പ് ഫോറിനായുള്ള മത്സരത്തില്‍ സജീവമാണ്. ഇനിയുള്ള നാല് മത്സരങ്ങളിലും വിജയിച്ച് പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പന്തും പിള്ളേരും.

അനുബന്ധ വാര്‍ത്തകള്‍

Next Article