ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അഭിറാം മനോഹർ

വെള്ളി, 26 ഏപ്രില്‍ 2024 (20:01 IST)
Devdutt padikal,Avesh khan,IPL24
ഐപിഎല്ലിലെ പകുതി മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പോയന്റ് പട്ടികയില്‍ 14 പോയന്റുകളുമായി ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഇനിയും 6 മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഒരൊറ്റ മത്സരത്തിലെ വിജയം കൊണ്ട് രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനാകും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ശക്തമായ നിരയാണ് ഇത്തവണ രാജസ്ഥാനുള്ളത്. കഴിഞ്ഞ സീസണിലും നന്നായി തുടങ്ങിയെങ്കിലും അവസാന ലീഗ് മത്സരങ്ങളിലെ പരാജയങ്ങള്‍ കാരണം അഞ്ചാമതായാണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.
 
2023 സീസണില്‍ നിന്നും 2024ല്‍ എത്തുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സുമായി നടത്തിയ സ്വാപ് ഡീല്‍ രാജസ്ഥാന് മികച്ച നേട്ടമാണ് സമ്മാനിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി കളിച്ച ദേവ്ദത്ത് പടിക്കലിന് പകരം ആവേശ് ഖാനെ ലഖ്‌നൗവില്‍ നിന്നും എത്തിച്ചതോടെ രാജസ്ഥാന്റെ രാശി തന്നെ തെളിഞ്ഞു. ലഖ്‌നൗ ടീമില്‍ എത്തിയത് മുതല്‍ ഡിഡിപി നടത്തുന്ന പ്രകടനങ്ങളും രാജസ്ഥാനായി ആവേശ് ഖാന്‍ നടത്തുന്ന പ്രകടനങ്ങളും മാത്രം മതി രാജസ്ഥാനടിച്ചത് ബംബര്‍ ലോട്ടറിയാണെന്ന് മനസിലാക്കാന്‍. കഴിഞ്ഞ സീസണില്‍ ദേവ്ദത്തിനായി ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് പോലും പോകാന്‍ സഞ്ജു സാംസണ്‍ തയ്യാറായിരുന്നു. ഇത്തവണ ദേവ്ദത്ത് പോയതോടെ മൂന്നാം സ്ഥാനത്താണ് സഞ്ജു ബാറ്റിംഗിന് ഇറങ്ങുന്നത്.
 
ഇത്തവണ ഐപിഎല്ലില്‍ ലഖ്‌നൗവിനായി 6 മത്സരങ്ങളില്‍ കളിച്ച ദേവ്ദത്ത് 6.33 റണ്‍സ് ശരാശരിയില്‍ 38 റണ്‍സ് മാത്രമാണ് ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്തത്. 13 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 73 എന്ന മോശം സ്‌െ്രെടക്ക് റേറ്റാണ് ഈ സീസണില്‍ താരത്തിനുള്ളത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാനിലും മോശം സ്‌െ്രെടക്ക് റേറ്റില്‍ തന്നെയായിരുന്നു താരത്തിന്റെ പ്രകടനം. അതേസമയം ലഖ്‌നൗവില്‍ നിന്നുമെത്തിയ ആവേശ് ഖാന്‍ ഡെത്ത് ഓവറുകളിലും വിശ്വസിക്കാവുന്ന ബൗളറായി മാറുന്നതാണ് കാണാനായത്. രാജസ്ഥാനായി 8 കളികളില്‍ നിന്നും 8 വിക്കറ്റുകളാണ് ആവേശ് സ്വന്തമാക്കിയത്. റണ്‍സ് നിയന്ത്രിക്കുന്നതിലുള്ള താരത്തിന്റെ മികവ് പല മത്സരങ്ങളിലും രാജസ്ഥാനെ ഇത്തവണ രക്ഷിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍