ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകന്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റന്‍സില്‍ നായകനായി 2 സീസണ്‍ കളിച്ച ശേഷമാണ് ഹാര്‍ദ്ദിക് മുംബൈ ടീമില്‍ മടങ്ങിയെത്തിയത്. ടീമില്‍ തിരിച്ചെത്തിച്ച ഹാര്‍ദ്ദിക്കിനെ നായകനാക്കി പിന്നീട് വന്ന മുംബൈ തീരുമാനം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. തീരുമാനത്തിന് പിന്നാലെ മുംബൈ ക്യാമ്പില്‍ അതൃപ്തിയുള്ളതായി അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ മുംബൈ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് മുംബൈ ക്യാമ്പില്‍ നിന്നും വരുന്നത്. മുംബൈ ടീമിലെ പ്രധാന താരങ്ങളായ രോഹിത് ശര്‍മ,ജസ്പ്രീത് ബുമ്ര എന്നിവര്‍ ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. ടി20 ലോകകപ്പ് ഐപിഎല്ലിന് തൊട്ട് പിന്നാലെ നടക്കുന്നതിനാല്‍ ജോലിഭാരം കുറയ്ക്കുന്നതിനായാണ് മുംബൈ മത്സരങ്ങളില്‍ നിന്നും താരങ്ങള്‍ വിട്ടുനില്‍ക്കുന്നത്. പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാനും ഈ തീരുമാനം സഹായകരമാകും.
രോഹിത് ശര്‍മയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. ഐപിഎല്ലിനിടെ ലോകസഭാ തെരെഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. 21 മത്സരങ്ങള്‍ക്കുള്ള ആദ്യഘട്ട ഷെഡ്യൂള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍ 1നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.