ഐപിഎല്‍ ക്രിക്കറ്റിലെ ചിരവൈരികളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും. അതിനാല്‍ തന്നെ ചെന്നൈ കളിക്കുമ്പോള്‍ ചെന്നൈ തോല്‍ക്കണമെന്ന് മുംബൈ ആരാധകര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇത്തവണ പക്ഷേ ചെന്നൈയെ മുംബൈ ആരാധകര്‍ ഫൈനലില്‍ പിന്തുണച്ചിട്ടുണ്ടെങ്കില്‍ എം എസ് ധോനിയുടെ അവസാന ടൂര്‍ണമെന്റുകളില്‍ ഒന്നാണിതെന്ന ഒറ്റ കാരണത്താലാണ്. ചിരവൈരികളായ ടീമുകളാണെങ്കിലും മുംബൈ ആരാധകര്‍ക്കും ചെന്നൈ ആരാധകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് അമ്പാട്ടി റായിഡു.
ഇരുടീമുകള്‍ക്കും വേണ്ടി ഐപിഎല്ലിലെ 3 കിരീടനേട്ടങ്ങളില്‍ റായിഡു പങ്കാളിയായിരുന്നു എന്നതാണ് താരത്തെ ഇരു ആരാധകര്‍ക്കും പ്രിയങ്കരനാക്കുന്നത്. ഇന്നലെ ഗുജറാത്തിനെ ചെന്നൈ അഞ്ച് വിക്കറ്റിന് തകര്‍ക്കുമ്പോള്‍ അതില്‍ അമ്പാട്ടി റായിഡു കളിച്ച ഒരു കാമിയോ പ്രകടനത്തിന് നിര്‍ണായകമായ പങ്കുണ്ടായിരുന്നു. 8 പന്തില്‍ ഒരു ബൗണ്ടറിയും 2 സിക്‌സും ഉള്‍പ്പടെ റായിഡു നേടിയ 19 റണ്‍സാണ് മത്സരം ചെന്നൈയുടെ പക്ഷത്തിലേക്ക് നയിച്ചത്. ഐപിഎല്ലിലെ താരത്തിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ഇതോടെ ഐപിഎല്‍ കിരീടനേട്ടവുമായി കളിക്കളത്തില്‍ നിന്നും വിടവാങ്ങാന്‍ താരത്തിനായി.
2010 11 സീസണിലായിരുന്നു റായിഡു മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയത്. 2010 മുതല്‍ 2017 വരെയുള്ള സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന താരം മുംബൈ നേടിയ 3 ഐപിഎല്‍ കിരീടനേട്ടങ്ങളില്‍ പങ്കാളിയായിരുന്നു. തുടര്‍ന്ന് മുംബൈ താരത്തെ കൈവിട്ടതോടെയാണ് 2018ല്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം താരം ചേരുന്നത്. ചെന്നൈ നേടിയ 3 ഐപിഎല്‍ കിരീടനേട്ടങ്ങളിലും ഇപ്പോള്‍ ഭാഗമാകാന്‍ താരത്തിനായി.