‘ധോണി വല്ലാതെ ചൂടായി, മത്സരശേഷം ഭായ് കെട്ടിപ്പിടിച്ച് ഒരു കാര്യം പറഞ്ഞു’; മനസ് തുറന്ന് ചാഹര്‍

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (16:39 IST)
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 19മത് ഓവറില്‍ തുടര്‍ച്ചയായി രണ്ട് നോ ബോളുകള്‍ എറിഞ്ഞ ദീപക് ചാഹറിനെ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ശാസിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ശാന്തസ്വഭാവക്കാരനായ ധോണി അപ്രതീക്ഷിതമായി ദേഷ്യം പിടിച്ച ഈ സംഭവം ആരാധകരെ പോലും ഞെട്ടിച്ചു. പഞ്ചാബിനു വിജയത്തിലെത്താൻ 12 പന്തിൽ 39 റൺസ് മാത്രം വേണമെന്നിരിക്കെയാണു ചാഹറിനു പിഴച്ചതും ധോണി പൊട്ടിത്തെറിച്ചതും.

ക്ഷുഭിതനായി നടന്നടുത്ത ധോണിയെക്കണ്ട ചാഹര്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍, അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം.

“വലിയ പിഴവാണ് ഞാന്‍ വരുത്തിയത്, അതിനാല്‍ തന്നെ ധോണി ഭായ് ശരിക്കും ചൂടായി. അടുത്ത് എത്തിയ അദ്ദേഹം എന്നോട് എന്തൊക്കെയോ പറഞ്ഞു. ഭായ് പറഞ്ഞതൊന്നും എനിക്ക് ഓര്‍മ്മയില്ല. അടുത്ത ബോള്‍ എങ്ങനെ എറിയാം എന്ന് മാത്രമായിരുന്നു അപ്പോള്‍ എന്റെ ആലോചന.

മികച്ച രീതിയില്‍ ഞാന്‍ ബോള്‍ ചെയ്‌തുവെന്ന് മത്സരശേഷം സഹതാരങ്ങള്‍ പറഞ്ഞു. ഏറ്റവും അവസാനമാണ് ധോണി ഭായ് അടുത്തു വന്നത്. നന്നായി കളിച്ചെന്നും വരും മത്സരങ്ങളിലും മികച്ച പ്രകടനം തുടരണമെന്നും എന്നെ കെട്ടിപ്പിടിച്ചിട്ട് അദ്ദേഹം പറഞ്ഞു. ടീമിന്റെ വിജയത്തിനായി നന്നായി കളിക്കണമെന്ന ഉപദേശവും തുടര്‍ന്ന് ലഭിച്ചു.

രണ്ട് മോശം പന്തുകള്‍ ഞാന്‍ എറിഞ്ഞു എന്നത് സത്യമാണ്. പന്ത് കൈയില്‍ നിന്ന് വഴുതിപ്പോകുകയായിരുന്നു. കഴിഞ്ഞുപോയതിനെക്കുറിച്ച് ഞാനധികം ആലോചിക്കാറില്ല. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. ആദ്യ രണ്ടു പന്തുകള്‍ക്കുനുശേഷം ഞാന്‍ തിരിച്ചുവന്നു“- എന്നും ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ ചാഹര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article